Home Opinion അന്തസ്സുള്ള മരണം – അവകാശം

അന്തസ്സുള്ള മരണം – അവകാശം

Gayathri C H
370 views

” അന്തസ്സുറ്റ  മരണമാണ്  അന്തസ്സറ്റ  ജീവിതത്തെക്കാൾ അഭികാമ്യം ”                                                                                                                  —   ഫ്രഡറിക് നീത്ഷെ

സംസ്കാരസമ്പന്നമായ സമൂഹത്തെ ഉൾക്കൊള്ളുന്ന രാജ്യങ്ങളെല്ലാം സാമൂഹികവും, നൈതികവും, മതപരവുമായ നിരവധി തത്വങ്ങളെ ഉൾക്കൊള്ളുകയും അവയെല്ലാം പരിപാവനമാണെന്ന് വിശ്വസിക്കുകയും ചെയ്യുന്നു. ഈ തത്വങ്ങളെല്ലാംതന്നെ  അതാതിടങ്ങളിലെ ജനതയുടെ വ്യക്തിജീവിതത്തിലും  സാമൂഹികജീവിതത്തിലും വലിയ അളവിൽ  സ്വാധീനംചെലുത്തുന്നുമുണ്ട്.  ആഗോളജനത  വ്യത്യസ്തങ്ങളായ ഇത്തരം പല തത്വങ്ങളിൽ വിശ്വസിക്കുന്നുണ്ടെങ്കിലും ഇവയിലെല്ലാം പൊതുവായി കാണപ്പെടുന്ന  ഒരു പരമപ്രധാന തത്വമാണ് ‘മനുഷ്യജീവന്‍റെ പരിപാവനത്വം. അതിനാൽ, അത്യധികം ആന്തരിക മൂല്യമുള്ള ജീവന്‍റെ അന്ത്യം കുറിക്കുന്നത് ആത്യന്തിക പാപമായി മനുഷ്യകുലം ഒന്നാകെ വിശ്വസിച്ചുപോരുന്നു.

എന്നാൽ,  മനുഷ്യജീവന്‍റെ  പവിത്രത നാം കരുതുന്നപോലെ  ഒരു  കേവല തത്വമല്ല. മറിച്ച്, ആളുകൾ തങ്ങളുടെ ജീവിതത്തിൽ പിന്തുടരുന്ന നിരവധി തത്വങ്ങളിൽ ഒന്ന് മാത്രമാണ്.  ഈ എണ്ണമറ്റ തത്വങ്ങക്കിടയിൽ ഏറെ പ്രാധാന്യമർഹിക്കുന്നതും എന്നാൽ  അവഗണിക്കപ്പെടുന്നതുമായ മറ്റൊരു സുപ്രധാന  തത്വമുണ്ട്.  അതാണ് ‘സ്വയംനിർണയത്തിനുള്ള അവകാശം’.  താൻ എങ്ങനെ സ്വന്തം ജീവിതം നയിക്കണമെന്ന് തീരുമാനിക്കാൻ ഒരു വ്യക്തിയെ അധികാരപ്പെടുത്തുന്ന ഈ തത്വം മനുഷ്യാവകാശങ്ങൾക്ക് ആദരവ് നൽകുകയും, ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 ഉറപ്പ് നൽകുന്ന അന്തസ്സുറ്റ അസ്തിത്വത്തെ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നു. മനുഷ്യജീവിതത്തിലെ രണ്ടു  സുപ്രധാന തത്വങ്ങളായ ‘ജീവന്‍റെ പാവനത്വത്തിന്‍റെയും ‘ ‘അന്തസ്സുറ്റ ‘അസ്തിത്വത്തിന്‍റെയും’ ഇടയിലുള്ള ഈ വൈരുധ്യത്തിലാണ് ദയാവധം എന്ന ആശയത്തെ പറ്റി നാം ചർച്ചചെയ്യേണ്ടതിന്‍റെ പ്രസക്തി നിലനിൽക്കുന്നത്.

ദയാവധം എന്ന ആശയം

ദയാവധം  അഥവാ  ‘യൂത്തനേഷ്യ’ എന്ന വാക്ക്  ‘ നല്ല മരണം’ എന്ന്  അർത്ഥ വരുന്ന ഗ്രീക്ക് പദങ്ങളായ ‘യൂ ‘,  ‘താനാറ്റോസ്’ എന്നിവ  ചേർന്നുണ്ടായതാണ്. ഭേദപ്പെടുത്താനാവാത്ത അസുഖം ബാധിച്ചതോ അപകടം സംഭവിച്ചതോ ആയ ഒരു വ്യക്തിയുടെ മരണം സാധ്യമാക്കി, വേദനയുടെ ലോകത്തുനിന്ന് അവർക്ക് മോചനം നൽകാനുള്ള ദയകാണിക്കുകയാണ് ഇതു വഴി ചെയ്യുന്നത്. ആയതിനാൽ, വളരെയേറെ ചർച്ച ചെയ്യപ്പെടുന്ന ഈ വിഷയം മാനുഷിക വീക്ഷണകോണിൽ നിന്ന് നോക്കിയാൽ ഭേദമാകാത്ത രോഗത്തിന്‍റെയും,  അപരിഹാര്യമായ  വേദനയുടെയും അവസ്ഥയിൽ നിന്ന് ഒരു വ്യക്തിയെ മോചിപ്പിക്കുകമാത്രമാണ് ചെയ്യുന്നതെന്ന് മനസ്സിലാകും.

ദയാവധത്തിന്‍റെ വർഗ്ഗീകരണം

വളരെയധികം ചർച്ച ചെയ്യപ്പെടുന്ന ഈ ആശയത്തിന്‍റെ സങ്കീർണ്ണത മനസ്സിലാക്കാൻ അതിന്‍റെ വർഗ്ഗീകരണവും അതുമായി ബന്ധപ്പെട്ട പദങ്ങളും അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. ദയാവധത്തെ സ്വമേധയായുള്ള  ദയാവധം എന്നും സ്വമേധമല്ലാത്ത ദയാവധം എന്നും രണ്ടായി  തരം തിരിക്കാം

1. സ്വമേധയായുള്ള ദയാവധം: രോഗത്താൽ ദീനത അനുഭവിക്കുന്ന വ്യക്തി ബോധപൂർവമായ തീരുമാനത്തിലൂടെ, പരസഹായത്താൽ സ്വജീവിതം അവസാനിപ്പിക്കാൻ ആഗ്രഹിക്കുകയാണെങ്കില്‍ ആ വ്യക്തിക്ക് അതിനുള്ള അവസരം ഒരുക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഇതിന് ആശയത്തിന്‍റെയും പ്രക്രിയയുടെയും അവബോധവും വ്യക്തിയുടെ പരിപൂർണ്ണ സമ്മതവും ആവശ്യമാണ്. സ്ഥിരവും അസഹനീയവുമായ വേദനകളും, കഷടപ്പാടുകളും അനുഭവിക്കുന്ന ഒരു വ്യക്തിക്ക്, ഡോക്ടർ ആരോഗ്യാവസ്ഥയെക്കുറിച്ച് പൂർണ്ണമായ വിശകലനം നടത്തിയതിന് ശേഷം, വ്യക്തിയുടെ താല്പര്യാനുസരണം മരിക്കുവാനുള്ള ഏറ്റവും വേദന കുറഞ്ഞതും ഫലപ്രദവുമായ രീതി നിർണ്ണയിക്കുന്നതിനെ പി.എ.എസ്  അഥവാ ‘ഫിസിഷ്യൻ അസിസ്റ്റഡ് സൂയിസൈഡ്’ എന്ന് വിളിക്കപെടുന്നു

2.സ്വമേധയാ അല്ലാത്ത ദയാവധം: ഇവിടെ ഒരു രോഗിയുടെ ജീവിതം അവസാനിപ്പിക്കുന്നതാണ് വൈദ്യ ശാസ്ത്രപരമായി അഭികാമ്യം എന്നിരിക്കെ രോഗിയുടെ അടുത്ത ബന്ധുക്കളോ കുടുംബാംഗങ്ങളോ രോഗിയുടെ ജീവിതം അവസാനിപ്പിക്കുവാനുള്ള തീരുമാനം എടുക്കുകയാണ് ചെയ്യുന്നത്. രോഗി പൂർണ്ണമായ അബോധാവസ്ഥയിൽ തുടരുകയും, ജീവിതാവസാനം വരെ ജീവഛവമായി ചികിത്സക്ക് അതീതനായിരിക്കുകയുo ചെയ്യുമെന്നറിയുമ്പോഴാണ് സ്വമേധയാ അല്ലാത്ത ദയാവധം പ്രസക്തമാകുന്നത്.

മേൽ പറഞ്ഞിരിക്കുന്ന ദയാവധത്തിന്‍റെ രണ്ടു വകഭേദങ്ങളെ, നിഷ്ക്രിയമായവ എന്നും സക്രിയമായവ എന്നും വീണ്ടും തരം തിരിക്കാം.

  • നിഷ്ക്രിയ ദയാവധം: രോഗം മൂലമോ അപകടം മൂലമോ ഗുരുതരാവസ്ഥയിൽ കഴിയുകയും, ജീവതത്തിലേക്ക് തിരിച്ചു വരാൻ സാദ്ധ്യത ഒട്ടുമില്ലെന്ന് വൈദ്യശാസ്ത്രം സാക്ഷ്യപ്പെടുത്തുകയും ചെയ്ത ഒരു വ്യക്തിയെ, നിയമപ്രകാരമുള്ള നടപടികൾക്ക് ശേഷം ജീവൻ രക്ഷാ ഉപാധികൾ പിൻവലിച്ചു കൊണ്ട് മരിക്കാൻ അനുവദിക്കുന്നതിനെയാണ് നിഷ്ക്രിയ ദയാവധം എന്ന് പറയുന്നത്. ഇതിന് രോഗിയുടെ സമ്മതപത്രം അഥവാ ‘ലിവിങ്ങ് വിൽ’ ഉണ്ടായിരിക്കണം. അതായത്, രോഗാവസ്ഥ കാരണം ജീവിതത്തിലേക്ക് തിരിച്ചു വരാൻ കഴിയില്ലന്ന് വൈദ്യശാസ്ത്രം സ്ഥിരീകരിക്കുന്ന പക്ഷം തനിക്ക് ദയാവധം അനുവദിക്കണമെന്ന് ഒരാൾ മുൻകൂട്ടി എഴുതിവെച്ചിരിക്കണം എന്ന് അർത്ഥം.
  • സക്രിയ ദയാവധം: ജീവിതത്തിലേക്ക് തിരിച്ചു വരാൻ തെല്ലും സാദ്ധ്യതയില്ലാത്തത് എന്ന് വൈദ്യശാസ്ത്രം വിധിയെഴുതിയ ഒരു രോഗിക്ക്, മരണത്തെ വരിക്കാൻ മാരകമായ മരുന്നുകൾ നൽകിക്കൊണ്ടുള്ള ഡോക്ടറുടെ ബോധപൂർവ്വമായ പ്രവർത്തനത്തെയാണ് സക്രിയ ദയാവധം സൂചിപ്പിക്കുന്നത്.

ദയാവധത്തോടുള്ള വിദേശ രാജ്യങ്ങളുടെ നിലപാട്

ദയാവധത്തോട് വ്യതസ്ത സമീപനമാണ് പല രാജ്യങ്ങൾക്കുമുള്ളത്. ഒരു ജീവൻ അവസാനിപ്പിക്കണമെന്ന മന:പൂർവ ഉദ്ദേശത്തോടുകൂടിയുള്ള  ഇടപെടലായാണ് ബ്രിട്ടീഷ് നൈതിക വൈദ്യസമിതി ദയാവധത്തെ നിർവചിക്കുന്നത്. സ്വയം ദയാവധത്തിന് ശ്രമിക്കുന്നവർക്ക് മേൽ ആത്മഹത്യാ ശ്രമത്തിനും, സഹായിക്കുന്നവർക്ക് മേൽ കൊലക്കുറ്റത്തിനും കേസെടുക്കുന്നതായാണ് അമേരിക്കയിലെ നിയമം എന്നിരിക്കെ ഉദാര സമീപനമാണ് യൂറോപ്യൻ രാജ്യങ്ങളിൽ ഈ വിഷയത്തിന്മേലുള്ളത്. അതു കൊണ്ടുതന്നെ ദയാവധത്തിന് സഹായിക്കുന്നവർക്കെതിരെ ജർമ്മനി, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളിൽ കൊലക്കുറ്റം ചുമത്തുകയില്ല. ജഡ്ജിയുടെ വിവേചനത്തിന് വിടുന്ന സമീപനമാണ് നോർവേയിൽ ഉള്ളത്. അതേസമയം നെതർർലൻഡ്,  കാനഡ, അയർലലൻഡ് എന്നീ പാശ്ചാത്യ രാജ്യങ്ങളിൽ, ദയാവധത്തെ മനുഷ്യാവകാശത്തോട് ബന്ധപ്പെട്ടു കിടക്കുന്ന ആശയമായി കണക്കാക്കിക്കൊണ്ട് , ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ അംഗീകരിച്ചു പോരുന്നു. അതുകൊണ്ടുതന്നെ ഈ രാജ്യങ്ങളെല്ലാം അനുകൂല നിലപാട് സ്വീകരിച്ചു കൊണ്ട്, ഈ വിഷയത്തിന്മേൽ സ്വന്തമായ നിയമ നിർമ്മാണങ്ങൾ വരെ നടത്തിയിട്ടുമുണ്ട്. കൃത്യമായ നിയമ നിർദ്ദേശങ്ങളോടും മാനദണ്ഡങ്ങളോടും കൂടെ പി.എ.എസ്. (ഫിസിഷ്യൻ അസിസ്റ്റഡ് സൂയിസൈഡിനെ) നിയന്ത്രിക്കുന്ന കനേഡിയൻ നിയമമായ ബിൽ സി. 14  ഇതിന്‍റെ ഒരു ഉത്തമ ദാഹരണമാണ്.

ഇന്ത്യയുടെ നിലപാട് 

വിവിധ രാജ്യങ്ങളുടെ ഭരണഘടനാപരമായ ആശയങ്ങളെ നാം നമ്മുടെ ഭരണഘടനയിൽ ഉൾക്കൊള്ളുന്നതിനാലും, നമ്മുടെ കോടതികൾ കാലാകാലമായി വിദേശ വിധിന്യായങ്ങളെ തങ്ങളുടെ നിലപാടുകളിൽ പരാമർശിക്കുന്നതിനാലും, ദയാവധം എന്ന ഈ ഒരു വിഷയത്തിൽ ഇന്ത്യയുടെ നിയമപരമായ നിലപാടിനെ വ്യത്യസ്തമായ ഒരു പഠനത്തിന് വിധേയമാക്കുക സാദ്ധ്യമല്ല. അതുകൊണ്ടുതന്നെ, ഈ വിദേശ രാജ്യങ്ങളിലെപ്പോലെ നമുക്ക് പോസിറ്റീവ് ദയാവധവും, പി.എ.എസ്സുമായി ബന്ധപ്പെട്ട് ഇന്നും ശക്തമായ ഒരു നിയമം നിലവിലില്ല എന്നത് അത്യന്തം ഖേദകരമാണ്.

നിഷ്ക്രിയ ദയാവധത്തെ അംഗീകരിച്ചുകൊണ്ട് സമീപകാലത്തുണ്ടായ അരുണ ഷാൻബാഗ് കേസിലെ വിധിന്യായം, മുൻ കാലങ്ങളിൽ അർട്ടിക്കിൾ 21 നെ സംബന്ധിച്ച്‌ നാം സ്വീകരിച്ചിരുന്ന സങ്കുചിതവും (ഗ്യാൻ കൗർ കേസ് ), പരസ്പര വിരുദ്ധവും, അവ്യക്തവുമായ നിലപടുകളിൽ നിന്നും (എം.എസ്. ഡുബാൽ, ചെന്ന ജഗദിശ്വർ, പി രതിനം  കേസുകൾ) ഉള്ള നമ്മുടെ സമൂഹത്തിന്റെ പുരോഗതിയെ സൂചിപ്പിക്കുന്നുണ്ടെങ്കിലും, ഒരു രോഗിയുടെ അന്തസ്സുറ്റ നിലനിൽപിനോടും, മനുഷ്യാവകാശങ്ങളോടും ചേർന്നു നിൽക്കുന്ന പി.എ.എസും സക്രിയ ദയാവധവും ഇന്നും നമ്മുടെ നിയമ വ്യവസ്ഥയ്ക്ക് മുന്നിൽ ചോദ്യ ചിഹ്നങ്ങളായി അവശേഷിക്കുന്നത് വേദനാജനകമാണ്.

നിക്സൺ v. മിനിസ്ട്രി ഓഫ് ജസ്റ്റിസ് എന്ന കേസിൽ ബ്രിട്ടീഷ് സുപ്രീം കോടതിയിലെ ലേഡി ഹെയിൽ പ്രസ്താവിച്ച പോലെ ഇവിടെ നാം നിഷ്ക്രിയ ദയാവധത്തെ അംഗീകരിക്കുമ്പോഴും സക്രിയ ദയാവധത്തെ എന്തു കൊണ്ടാണ് ധാർമ്മിക അഴിമതിയായും നിയമ വിരുദ്ധമായും കാണുന്നത് എന്ന ചോദ്യത്തിന്‍റെ പ്രസക്തി നിലനിൽക്കുന്നത്. ബയോ എത്തിക്സും നിയമവും പരസ്പര പൂരകങ്ങളല്ലെന്നിരിക്കെ ഒരു കൃത്യമായ നിയമവ്യവസ്ഥയുടെ അഭാവത്തിൽ സക്രിയ ദയാവധവും, പി.എ.എസ്സും പോലുള്ള സങ്കീർണ്ണ വിഷയങ്ങളെ കുറ്റമറ്റ രീതിയിൽ പരിഹരിക്കുവാനും, അംഗീകരിക്കുവാനും തന്മൂലമുള്ള ദുരുപയോഗസാദ്ധ്യതകളെ പൂർണ്ണമായും ഒഴിവാക്കുവാനും കോടതികൾക്ക്‌ പ്രയാസമാണ്. അതിനാൽ, ജസ്റ്റിസ് ഡി. വൈ.ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടത് പോലെ, ഇന്ത്യൻ ജനതയുടെ ധാർമ്മിക ബോധത്തെ ശ്രദ്ധാപൂർവം പഠിച്ചതിന് ശേഷം ഈ വിഷയത്തിന്മേൽ കർശനവും സമഗ്രവുമായ ഒരു നിയമനിർമ്മാണം നടത്തേണ്ടത് അത്യന്താപേക്ഷിതമാണ്.

Related Articles

Leave a Comment

20 − eleven =