ഭാരതത്തിന്റെ ഭരണഘടനയുടെ ഭാഗമായ നാൾ മുതൽക്കേ ആർട്ടിക്കിൾ 370ഉം അതുവഴി ജമ്മുകാശ്മീരിനു ലഭിച്ച പ്രത്യേക പദവിയും എന്നും വിവാദപരമായി തന്നെ നിലനിന്നിരുന്നു. ആർട്ടിക്കിൾ 370ഉം അതിനോടൊപ്പം കൂടിച്ചേർന്ന ആർട്ടിക്കിൾ 35Aയും തന്ത്രപ്രധാനമായ അനുഛേദങ്ങൾ ആയിരിക്കെ തന്നെ വിഘടനവാദ പ്രവർത്തനങ്ങൾ ജ്വലിപ്പിക്കുവാനും, തീവ്രവാദം ഉദ്ദീപിപ്പിക്കുന്നതിനും, അതുവഴി ഉണ്ടാകുന്ന പ്രശ്നങ്ങളിൽ നിന്നും മുതലെടുക്കുന്നതിനുമായി ഒട്ടനവധി സംഘടനകളും വ്യക്തികളും പ്രവർത്തിച്ചിരുന്നതായി തുടക്കം മുതലേ വിമർശനം ശക്തമായിരുന്നു. ജമ്മു-കാശ്മീരിന് അനുവദിച്ചുകിട്ടിയ പ്രത്യേക പദവിയും അതുവഴി അവർക്ക് ലഭ്യമായ പ്രത്യേക പതാകയും, ഭരണഘടനയും ഇന്ത്യയിലെ പല രാഷ്ട്രീയകക്ഷികളിലും പ്രത്യക്ഷമായ വെറുപ്പുളവാക്കിയിരുന്നു. കേന്ദ്ര സർക്കാരിന്‍റെ നയങ്ങൾക്ക് അനുയോജ്യമായ നിയമങ്ങൾ മറ്റു പല സംസ്ഥാനങ്ങളും അനിഷ്ടത്തോടെ നടപ്പാക്കേണ്ടി വന്നപ്പോൾ ജമ്മു-കാശ്മീരിന് പ്രസ്തുത നിയമങ്ങൾ തങ്ങളുടെ നിയമനിർമ്മാണസഭയുടെ അനുമതിയോടുകൂടി മാത്രം നടപ്പിലാക്കിയാൽ മതിയായിരുന്നു എന്നതാണ് മേൽ സൂചിപ്പിച്ച അതൃപ്തിക്ക് കാരണമായി ഭവിച്ചത്. ഇന്ത്യൻ ഭരണഘടനയിൽ തന്നെ താൽകാലിക വ്യവസ്ഥ എന്ന നിലയിലാണ് ആർട്ടിക്കിൾ 370നെ ഉൾക്കൊണ്ടിരിക്കുന്നത്. ഭരണഘടനാ നിർമ്മാണ സഭയിലെ ഇതുസംബന്ധിച്ച ചർച്ചകൾ തന്നെ ഈ വസ്തുത വ്യക്തമാക്കുന്നതാണ്.
ഏഴ് പതിറ്റാണ്ടായി നിലനിന്നിരുന്ന ഒരു വ്യവസ്ഥ മാറ്റപ്പെടുമ്പോൾ ചുരുങ്ങിയ ഒരു വർഷക്കാലയളവിനുള്ളിൽ നിർണയിക്കപ്പെട്ട ഫലങ്ങൾ ലഭിക്കുമെന്ന് കരുതുന്നതിൽ അർത്ഥമില്ല. കാശ്മീർ താഴ്‌വരയിലെ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളും വിഘടനവാദപരമായ നീക്കങ്ങൾ ചെറുക്കുന്നതിലെ നടപടികളും, ഈ കഴിഞ്ഞവർഷത്തെ അതിശൈത്യവും, കോവിഡ് മഹാമാരിയും എല്ലാം തന്നെ ഈ അവസരത്തിൽ കണക്കിലെടുക്കപ്പെടേണ്ട വസ്തുതകളാണ്. എന്നിരിക്കലും ആർട്ടിക്കിൾ 370ഉം അതുവഴി ആർട്ടിക്കിൾ 35Aയും റദ്ദാക്കപ്പെട്ടിട്ട് ഒരു വർഷം ആകുമ്പോൾ കേന്ദ്രസർക്കാർ 2019 ഓഗസ്റ്റ് അഞ്ചാം തീയതി വാഗ്ദാനം ചെയ്തതിൽ എന്തുമാത്രം കാര്യങ്ങൾ കാശ്മീർ താഴ്‌വരയിൽ നടപ്പിലാക്കപ്പെട്ടു എന്നത് ചർച്ച ചെയ്യപ്പെടേണ്ട കാര്യം തന്നെയാണ്. അടിസ്ഥാന സൗകര്യ വികസനം, അഴിമതി നിരോധന നടപടികൾ, അടിത്തട്ടിലുള്ള ജനാധിപത്യം, സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങൾ, ഗുണമേന്മയുള്ള ജീവിതസാഹചര്യം, വിനോദസഞ്ചാര മേഖലയിലെ വികസനം എന്നുവേണ്ട കാശ്മീരി സമൂഹത്തിന്‍റെ നാനാ തുറകളിലുള്ള ജനങ്ങളുടെ ജീവിതത്തിൽ എന്തുമാത്രം ഗുണകരമായ മാറ്റം കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട് എന്നുള്ളത് ഇന്നും പ്രസക്തമായ ചോദ്യമാണ്. നിലവിലെ സാഹചര്യം ഇന്ത്യൻ പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടുകൂടി ഈ തീരുമാനം എടുക്കപ്പെട്ടപ്പോൾ പ്രതീക്ഷിച്ചിരുന്നത് തന്നെയാണ്.
അഴിമതി നിരോധനത്തിന്‍റെ നാൾവഴിയിൽ
2019 ഓഗസ്റ്റ് മാസം അഞ്ചാം തീയതി ജമ്മു-കാശ്മീർ പുനഃസംഘടനാ ബിൽ, 2019, രാജ്യസഭയിൽ അവതരിപ്പിച്ചപ്പോൾ ആർട്ടിക്കിൾ 370-വഴി ലഭിച്ച പ്രത്യേക പദവിയാണ് ജമ്മു-കാശ്മീരിലെ അഴിമതിയുടെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടത്. ആർട്ടിക്കിൾ 370 റദ്ദാക്കപ്പെട്ട് ഒരു വർഷം കഴിയുമ്പോഴും കാശ്മീർ താഴ്‌വരയിലെ അഴിമതിയുടെ അളവിൽ യാതൊരു കുറവും കാണുവാൻ കഴിയുന്നില്ല. സ്വജനപക്ഷപാതവും കെടുകാര്യസ്ഥതയും അഴിമതിയും സർക്കാർ ഓഫീസുകളിലെ നിയമവാഴ്ചയുടെ തകർച്ചയിൽ ഗണ്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നാണ് ജമ്മുകാശ്മീരിലെ തന്നെ റിപ്പോർട്ടുകളിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്.
സുതാര്യതയും, സാധ്യതയും ഉറപ്പാക്കേണ്ട സ്ഥാപനങ്ങളിൽപ്പെടുന്ന സംസ്ഥാന വിവരാവകാശ കമ്മീഷൻ, സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ, സംസ്ഥാന വിജിലൻസ് കമ്മീഷൻ തുടങ്ങിയവ 2019 ഓഗസ്റ്റ് മാസം മുതൽ ഫലത്തിൽ പ്രവർത്തനരഹിതമാണ്. 2009-ൽ നിലവിൽ വന്ന ജമ്മു-കാശ്മീർ വിവരാവകാശ നിയമം ഇന്ത്യയിൽ മറ്റു സംസ്ഥാനങ്ങളിൽ 2005 മുതൽ നിലനിന്നിരുന്ന വിവരാവകാശനിയമത്തേകാൾ വളരെയധികം പുരോഗമനപരമായിരുന്നു. ജമ്മു-കാശ്മീർ സംസ്ഥാന നിയമ നിർമാണ സഭയുടെ 166 നിയമങ്ങൾ പരിരക്ഷിക്കപ്പെട്ടപ്പോഴും 2009ലെ വിവരാവകാശ നിയമം അതിൽ ഉൾപ്പെടാതെപോയി. മേൽപ്പറഞ്ഞ നടപടികളിൽ പലതും സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ഉത്തരവാദിത്തമില്ലായ്മയിലേക്കു നയിച്ചതായി ഇതിനോടകം ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.
അഴിമതി നിരോധന നിയമം ശരിയായ രീതിയിൽ നടപ്പിലാക്കപ്പെടത്തതിന്റെ ഏറ്റവും വലിയ ഉദാഹരണമായി ഭവിച്ചത് ജമ്മു-കാശ്മീരിലെ പൊതുവിതരണ സംവിധാനത്തിലെ പോരായ്മകളും അഴിമതിയും പുറത്തുവന്ന സംഭവമാണ്. കാശ്മീരിലെ ‘ബദ്ഗാം-ബാരാമുള്ള’ ജില്ലകളിൽ സബ്സിഡൈസ്ഡ് റേഷൻ അധിക വില നൽകി ഓരോ ഗുണഭോക്താവിൽ നിന്നും 25,000 മുതൽ 40,000 ഇന്ത്യൻ രൂപ വരെ കൈപ്പറ്റിയതായി കണ്ടുപിടിക്കപ്പെട്ടു. ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന് കീഴിൽ കുറഞ്ഞ നിരക്കിൽ അരിവിതരണം നടത്തുവാനുള്ള വ്യവസ്ഥകൾ നിലനിൽക്കുമ്പോഴാണ്, ദാരിദ്ര്യരേഖക്ക് താഴെയുള്ളവരിൽ നിന്നുൾപ്പെടെ അധിക തുക ഈടാക്കിയത്. റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവങ്ങളിൽ ഒന്നു മാത്രമാണിത്. ഭക്ഷ്യ- സിവിൽ സപ്ലൈസ് വകുപ്പ്, ഗ്രാമീണവികസന വകുപ്പ്, ആഭ്യന്തര വകുപ്പ്, ലാൻഡ് റവന്യൂ വകുപ്പ്, അനവധി മുനിസിപ്പാലിറ്റികൾ എന്നിവയിൽ അഴിമതി ഗണ്യമായ രീതിയിൽ തന്നെ ഇപ്പോഴും നിലവിലുണ്ട് എന്ന് തന്നെയാണ് പുറത്തുവന്ന വാർത്തകളിൽ നിന്നും വ്യക്തമാകുന്നത്. ആർട്ടിക്കിൾ 370 റദ്ദാക്കപ്പെടുന്നത് വഴി സൃഷ്ടിക്കപ്പെടും എന്ന് കരുതപ്പെട്ടിരുന്ന അഴിമതിമുക്ത പ്രദേശം എന്ന നിലയിലേക്ക് ജമ്മു-കാശ്മീർ എത്തിച്ചേർന്നിട്ടുണ്ടോ എന്ന സംശയം ഇപ്പോഴും ബാക്കിയാണ്. കേന്ദ്രഭരണപ്രദേശമായതിനാൽ കേന്ദ്ര സർക്കാരിന്റെ ആത്മാർത്ഥമായ പ്രവർത്തനങ്ങൾ ഉണ്ടായിരുന്നെങ്കിൽ ഇതിനോടകംതന്നെ ആ ലക്ഷ്യത്തിലെത്തിച്ചേരുവാൻ സാധിക്കുമായിരുന്നു എന്നുവേണം കരുതാൻ. ‘കരിഞ്ചന്ത, അധികവില ഈടാക്കൽ, കൊള്ള ലാഭമുണ്ടാക്കാൻ ശ്രമിക്കൽ’ തുടങ്ങിയ പ്രവർത്തികളിൽ ഏർപ്പെടുന്നവർക്ക് മേൽ പൊതു സുരക്ഷാനിയമം (പബ്ലിക് സേഫ്റ്റി ആക്ട്) ചുമത്തപ്പെടുമെന്ന് ജമ്മു-കാശ്മീർ ഗവർണറുടെ ഉപദേശകനായ ഫറൂഖ് വ്യക്തമാക്കിയത് ഈ അവസരത്തിൽ സ്വാഗതാർഹമാണ്. എന്നാൽ അത് എത്രമാത്രം പ്രാവർത്തികമാകുമെന്ന് അറിയാൻ ഇനിയും കാത്തിരിക്കേണ്ടതുണ്ട്.
കാശ്മീർ താഴ്‌വരയിലെ നേർക്കാഴ്ച
1990 കളിൽ വിഘടനവാദവും തീവ്രവാദവും കാശ്മീർ താഴ്‌വരകളിലേക്ക് പിടിമുറുക്കി തുടങ്ങിയപ്പോൾ ഇന്ത്യൻ ഭരണഘടനയെയും, കാശ്മീരിലെ ഇന്ത്യൻ സർക്കാരിന്‍റെ പരമാധികാരത്തെയും അനുകൂലിച്ചവരെയെല്ലാം തീവ്രവാദികൾ നിരന്തരം ലക്ഷ്യമിട്ടു. എന്നാൽ 2019 ഓഗസ്റ്റ് 5 മുതൽ ആർട്ടിക്കിൾ 370ലും തദ്വാരാ ആർട്ടിക്കൾ 35Aയിലും വിശ്വാസമർപ്പിച്ചവരെ വീട്ടുതടങ്കലിലാക്കുന്ന അന്തരീക്ഷമാണ് സംജാതമായത്. ഒരു സംസ്ഥാനം നീക്കം ചെയ്യപ്പെട്ടിരിക്കുന്നു. നിയമനിർമാണത്തിലെ അതിസൂക്ഷ്മമായ പഴുതുകൾ പ്രയോജനപ്പെടുത്തിയാണ് ആർട്ടിക്കിൾ 370 റദ്ദാക്കപ്പെട്ടത്. റദ്ദാക്കപ്പെട്ടു എന്ന് പരസ്യമായി പറയുമ്പോഴും 2019 ഓഗസ്റ്റ് 5 ന് നിലവിൽ വന്ന രാഷ്ട്രപതിയുടെ ഉത്തരവ് വഴി ഫലത്തിൽ ആർട്ടിക്കിൾ 370 പ്രവർത്തനക്ഷമമല്ലാതാക്കുകയാണ് ചെയ്തത്.
50,000-ത്തോളം തൊഴിലവസരങ്ങൾ ജമ്മു-കാശ്മീരിലെ യുവാക്കൾക്കായി തുറക്കപ്പെടും എന്ന് പറയപ്പെട്ടിരിന്നു. എങ്കിലും നാളിതുവരെ അതിൽ എത്രമാത്രം നടപ്പിലാക്കപ്പെട്ടു എന്നത് അനേകം ചോദ്യങ്ങൾ ഉയർത്തുന്നു. രാഷ്ട്രപതിയുടെ ഉത്തരവ് നിലവിൽ വന്നത് മുതൽ കാശ്മീർ താഴ്‌വര അതിസുരക്ഷാ മേഖലയായി പരിഗണിക്കപ്പെടുകയാണ് ഉണ്ടായത്. ദാൽ തടാകത്തിലെ ശിക്കാരകളും മറ്റ് വിനോദസഞ്ചാര സങ്കേതങ്ങളും അന്നുമുതൽ അടഞ്ഞുകിടക്കുകയാണ്. വിദ്യാലയങ്ങളും, സർവകലാശാലകളും സമാനമായ അടച്ചിടൽ ആണ് നേരിട്ടത്. കഴിഞ്ഞവർഷത്തെ അതിശൈത്യവും 2020 ലെ കോവിഡ് മഹാമാരിയും കഴിയുമ്പോൾ ജമ്മുകാശ്മീരിന്റെ പ്രതിശീർഷ വരുമാനത്തിൽ ഗണ്യമായ കുറവ് സംഭവിച്ചിട്ടുണ്ട്.
കാലക്രമേണ മാത്രമേ 2019ലെ ഈ തീരുമാനം കാശ്മീരിനെ പുരോഗതിയിലേക്ക് നയിക്കുമോ ഇല്ലയോ എന്ന് വ്യക്തമാകുകയുള്ളൂ. കാശ്മീർ താഴ്‌വരയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷയും നേട്ടവും നൽകുന്ന രീതിയിലേക്ക് നിലവിലെ പ്രവർത്തനങ്ങൾ അതിവേഗം മാറിയാൽ മാത്രമേ വാഗ്ദാനം ചെയ്യപ്പെട്ട രീതിയിലുള്ള മെച്ചപ്പെട്ട അന്തരീക്ഷം സംജാതമാകുകയുള്ളു. ഭരണകർത്താക്കളുടെ തീരുമാനത്തിന്റെ അനന്തരഫലം അനുഭവിക്കാൻ വിധിക്കപ്പെട്ട കാശ്മീരി ജനത നല്ലൊരു നാളേക്കായി ദാൽ തടാകത്തിലെ ഓളപ്പരപ്പിൽ ചെറുവഞ്ചികൾ പോലെ യാത്ര തുടരുകയാണ്.