Home Opinion നവസമൂഹമാധ്യമങ്ങളും പടരുന്ന വിദ്വേഷവും: ഒരന്വേഷണം

നവസമൂഹമാധ്യമങ്ങളും പടരുന്ന വിദ്വേഷവും: ഒരന്വേഷണം

Chindhu Joseph
260 views

സമൂഹമാധ്യമങ്ങളുടെ കടന്നുവരവോടുകൂടി ജീവിതശൈലിയിലും കാഴ്ചപ്പാടിലും സമൂലമായ പരിഷ്‌കരണത്തിനു വിധേയമായൊരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. നാലാം തലമുറ മാധ്യമങ്ങളുടെ കടന്നു വരവ്, ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ടെലിവിഷനും മറ്റ് അച്ചടിമാധ്യങ്ങളും ജനപ്രിയമായി വളര്‍ന്ന  കാലഘട്ടത്തിലാണുണ്ടാവുന്നത്. കമ്പ്യൂട്ടറും, മൊബൈല്‍ ഫോണും ശരീരമാകുമ്പോള്‍, ഇന്റര്‍നെറ്റ്‌, നവമാധ്യമങ്ങള്‍ക്ക് ജീവനായി വര്‍ത്തിക്കുന്നു. ഈ അതുല്യമായ കൂടിച്ചേരലാണ് സമൂഹമാധ്യമങ്ങളുടെ അടിത്തറ. അച്ചടിമാധ്യമങ്ങളും, ദൃശ്യമാധ്യമങ്ങളും മറ്റ് ശ്രാവ്യമാധ്യമങ്ങളുമെല്ലാം ഉള്‍പ്പെട്ടിരുന്ന മാധ്യമ മണ്ഡലത്തെ തന്നെ ഉടച്ചുവാര്‍ത്ത് ഒരു പുതിയക്രമം മാധ്യമലോകത്ത് നവമാധ്യമങ്ങള്‍ രൂപപ്പെടുത്തിയെടുത്തുകൊണ്ടിരിക്കുന്ന  പ്രാരംഭഘട്ടത്തെയാണ് ഇന്നത്തെ കാലഘട്ടം പ്രതിനിധാനം ചെയ്യുന്നത്.

ഈ സന്ദര്‍ഭത്തില്‍ പരിഭ്രമിപ്പിക്കുന്നൊരു യാഥാര്‍ത്ഥ്യത്തിലേക്ക് ഏവരുടെയും ശ്രദ്ധപതിയേണ്ടതുണ്ട്. നവസമൂഹമാധ്യങ്ങളില്‍ വലിയ തോതില്‍ നിലനില്‍ക്കുന്ന, ദിനംപ്രതി വര്‍ദ്ധിച്ചുവരുന്ന വിദ്വേഷത്തിന്‍റെയും, വിഭാഗീയതയുടേയും, വര്‍ഗ്ഗീയതയുടേയും, വെറുപ്പിന്‍റെയും, രാഷ്ട്രീയം ഏറെ ആശങ്കയുണര്‍ത്തുന്നതാണ്. ഫേസ്ബുക്കും, വാട്‌സാപ്പും, ട്വിറ്ററും, ഇന്‍സ്റ്റഗ്രാമും തുടങ്ങി ഒട്ടനവധി ആപ്പുകളിലൂടെ ഒളിഞ്ഞും, തെളിഞ്ഞും വിദ്വേഷ പ്രചരണങ്ങള്‍ യഥേഷ്ടം നടക്കുന്നു. ജനമനസ്സുകള്‍ക്കുള്ളില്‍ കുഴിച്ചുമൂടപ്പെട്ടിരുന്ന ഇത്തരം ജീര്‍ണ്ണതകളെ പുറത്തെത്തിക്കുവാനുള്ള തൂമ്പയായും അവ ഇഷ്ടാനുസരണം സമൂഹത്തിലേയ്ക്ക് വലിച്ചെറിയുവാനുള്ളൊരിടമായും വര്‍ത്തിക്കുകയാണ് ഒട്ടുമിക്ക സമൂഹമാധ്യമങ്ങളും.

വെറുപ്പിന്റെ നവമാധ്യമചരിത്രം

ഒരാള്‍ ഒരു മൈക്കുമായി ഒരു കവലയില്‍ ചെന്ന് ഏതെങ്കിലുമൊരു വിഭാഗം മനുഷ്യര്‍ക്കെതിരെയുള്ള വിദ്വേഷപ്രസംഗം നടത്തുന്നുവെന്ന് കരുതുക. ഇതേ പ്രസംഗം അയാള്‍ ഫേസ്ബുക്ക് ലൈവായും, വീഡിയോ രൂപത്തില്‍ മറ്റ് നവമാധ്യമ ആപ്പുകള്‍ വഴിയും പ്രചരിപ്പിക്കുന്നുവെന്നും വിചാരിക്കുക. ഇവ രണ്ടും തമ്മിലുള്ള പ്രധാന അന്തരം ഇത് ചെന്നെത്തുക മനുഷ്യരുടെ എണ്ണത്തിലായിരിക്കും. ഈ സാധ്യത ദുരുപയോഗം ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരുകയാണ്. ലോകത്താകമാനം തന്നെ ഒരു വ്യാഴവട്ടക്കാലത്തോളമായി ഇതിന്‍റെ സൂചനകള്‍ പ്രകടമാണ്.

2008 ലാണ് ‘വൺ മില്യൺ വോയ്‌സസ് എഗയ്ന്‍സ്റ്റ് ഫാര്‍ക്ക്’ (one million voices against FARC) എന്നൊരു കൂട്ടായ്മ ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെടുന്നത്. ‘റവല്യൂഷണറി ആര്‍മ്ഡ്  ഫോഴ്‌സസ് ഓഫ് കൊളംബിയ’ (Revolutionary Armed Forces of Columbia) എന്ന സേനക്കെതിരായ ശബ്ദമെന്നാണ് ഈ കൂട്ടായ്മ സ്വയം വിശേഷിപ്പിച്ചിരുന്നത്. ഫേസ്ബുക്കിലൂടെയുള്ള നിരന്തരമായ ആഹ്വാനങ്ങള്‍ക്കൊടുവില്‍ പതിനായരക്കണക്കിനാളുകളെ കൊളംബിയന്‍ സേനക്കെതിരെ അണിനിരത്താന്‍ ഈ ഫേസ്ബുക്ക് കൂട്ടായ്മക്കു സാധിച്ചു. പ്രതിഷേധസ്വരങ്ങളെ ഏകോപിപ്പിച്ച് സമരപോരാട്ടങ്ങള്‍ക്കു ജീവന്‍ നല്‍കാന്‍ സമൂഹമാധ്യമങ്ങള്‍ എങ്ങനെ ഉപയോഗപ്പെടുത്താമെന്നതിന്‍റെ ആദ്യത്തെ ഉദാഹരണമായിരുന്നു ഇത്.

സമാനമായൊരു സംഭവത്തിനു 2018-ല്‍ നമ്മുടെ കേരളവും സാക്ഷ്യം വഹിച്ചു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ആഹ്വാനമില്ലാതെ, ഒരു സാമ്പ്രദായിക മാധ്യമത്തിന്‍റെയും അറിവോ, ഒത്താശയോ കൂടാതെ, കേരളത്തില്‍ ഒരു ഹര്‍ത്താല്‍ നടന്നു.  കല്ലേറ്, കടയടപ്പിക്കല്‍, ലാത്തിച്ചാര്‍ജ് തുടങ്ങിയ ഹര്‍ത്താലിന കലാപരിപാടികള്‍ പ്രസ്തുത ഹര്‍ത്താലിനും മിഴിവേകി. അസ്വാഭാവികമായി ഇതില്‍ ഒന്നെ ഉണ്ടായിരുന്നുള്ളൂ. ഹര്‍ത്താലിനായുള്ള ആഹ്വാനം നടന്നത് സമൂഹമാധ്യമങ്ങളിലൂടെയാണ്. അന്നതൊരു നൂതനമായ അനുഭവമായിരുന്നുവെങ്കില്‍ നാളെ ലോകമെങ്ങും അരങ്ങേറാനിരിക്കുന്ന വിദ്വേഷ പ്രകടനങ്ങളുടേയും, വിഭാഗീയതയുടേയും ചെറുപതിപ്പ് മാത്രമായിരിന്നു അതെന്ന് നിസ്സംശയം പറയാം. അത്രത്തോളം വിദ്വേഷവും, വെറുപ്പും സമൂഹമാധ്യമങ്ങള്‍ പേറുന്നുണ്ടെന്നത് തിരസ്‌ക്കരിക്കാനാവാത്ത വസ്തുതയാണ്.

2019-ല്‍ ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ച് വെടിവയ്പ്പില്‍ 49 പേര്‍ മരണപ്പെട്ടപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു ‘നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്ന വിദ്വേഷപ്രസംഗങ്ങള്‍ പരിഷ്‌കൃത സമൂഹത്തില്‍ നിന്നും തുടച്ചു നീക്കപ്പെടേണ്ടതിന്റെ ആവശ്യകത. അക്രമി തന്നെ വെടിവയ്പ്പിന്റെ ദൃശ്യങ്ങള്‍ ഫേസ്ബുക്ക് ലൈവായി സംപ്രേക്ഷണം ചെയ്തതില്‍ നിന്ന് നവമാധ്യമങ്ങളുടെ പ്രാധാന്യവും പ്രേക്ഷകശക്തിയും ഒന്നുകൂടി വെളിപ്പെടുകയായിരുന്നു. ഇത് മനസ്സിലാക്കി പ്രസ്തുത ലൈവ് ഫേസ്ബുക്ക് പിന്‍വലിച്ചപ്പോഴേക്കും ലോകത്താകമാനമുള്ള കോടിക്കണക്കിനു ജനങ്ങള്‍ ആ വീഡിയോ കണ്ടുകഴിഞ്ഞിരുന്നു.

ലോകജനസംഖ്യയില്‍ മൂന്നിലൊന്നു പേരും ഫേസ്ബുക്ക് അക്കൗണ്ടുള്ളവരും, അതുവഴി ആശയവിനിമയം നടത്തുവരുമാണ്. അപ്പോള്‍ എണ്ണമറ്റ മറ്റു ഓൺലൈന്‍ ആശയവിനിമയ സേവനങ്ങള്‍ ഉപയോഗിക്കുവരുടെ എണ്ണമൊന്നു ചിന്തിച്ചുനോക്കൂ. കൊളംബിയയില്‍ കാണാനായത് സമരപോരാട്ടങ്ങളുടെ പുതുമയാര്‍ന്ന ആവിഷ്‌ക്കാരമായിരുന്നുവെങ്കില്‍ ഇന്നത്, ലോകത്താകമാനം അതിവേഗം പടരുന്ന വെറുപ്പിന്‍റെയും, വിഭാഗീയതയുടേയും മുഖ്യശ്രോതസ്സാണെന്നതാണ് വാസ്തവം. ഭാരതത്തിലെ സ്ഥിതിയും വിഭിന്നമല്ല.

വിദ്വേഷത്തിന്‍റെ ലോകദൃഷ്ടാന്തങ്ങള്‍…

നവമാധ്യമസാന്നിധ്യമുള്ള എല്ലാ രാജ്യങ്ങളിലും വിദ്വേഷ പ്രചാരണം നടന്നിട്ടുള്ളതായും, നടക്കുന്നതായും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വ്യക്തികളും, നവമാധ്യമ കൂട്ടായ്മകളും വംശീയമായ യാഥാസ്ഥിതികത്വം മുന്‍നിര്‍ത്തിക്കൊണ്ട് വര്‍ഗ്ഗീയപരമായ വിഷയങ്ങള്‍ പ്രചരിപ്പിക്കുന്നതിനും, സ്ത്രീവിരുദ്ധത, സ്വവർഗ്ഗരതിയോടുള്ള അമര്‍ഷം, മത-ജാതി ധ്രുവീകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുമായി നവമാധ്യമങ്ങള്‍ ഉപയോഗിക്കപ്പെടുന്നു.

2015-ല്‍ അമേരിക്കയിലെ ‘ചാൾസ്ടൺ ചര്‍ച്ചില്‍’ 9 കറുത്ത വംശജരായ പുരോഹിതരേയും, വിശ്വാസികളേയും വെടിവെച്ചു കൊലപ്പെടുത്തിയ പ്രതി, തീവ്ര വലതുപക്ഷവാദിയും അത്തരം ആശയങ്ങള്‍ പിന്തുടരുന്ന ഓൺലൈൻ സംഘത്തില്‍ അംഗവുമായിരുന്നു. ഇത്തരം സംഘത്തില്‍ പ്രവര്‍ത്തിച്ച് അതിന്റെ ആശയങ്ങളില്‍ ആകൃഷ്ടനായ പ്രതി, അക്രമസക്തമായ നടപടികളിലൂടെ മാത്രമേ വെളുത്ത വര്‍ഗ്ഗക്കാരുടെ അപ്രമാദിത്വം ഉറപ്പിക്കാനാവൂ എന്ന വിശ്വാസത്തിനടിപ്പെട്ടിരുന്നു. പ്രസ്തുത ആശയങ്ങള്‍ നിഷ്ഠൂരമായ കൂട്ടക്കൊലയിലേക്കാണ് അയാളെ കൊണ്ടു ചെന്നെത്തിച്ചത്.

2018-ല്‍ ‘പിറ്റ്‌സ്ബര്‍ഗ് സിനഗോഗില്‍’ 11 പേരെ കൊലപ്പെടുത്തിയ വ്യക്തിയും സമാനമായൊരു ഓൺലൈൻ സംഘത്തിലെ അംഗമായിരുന്നു. അമേരിക്കയിലേക്കുള്ള ജൂതന്മാരുടെ കുടിയേറ്റം, അമേരിക്കയില്‍ വെളുത്തവര്‍ഗ്ഗക്കാരെ ന്യൂനപക്ഷമാക്കാന്‍ പോലും കെല്‍പ്പുള്ളതാണെന്ന് വിശ്വസിച്ചായിരുന്നു പ്രതി ഹീനമായ ഈ ആക്രമണം നടത്തിയത്. ഇത്തരത്തിലുള്ള തീവ്രവലതുപക്ഷ വാദം തന്നെയാണ് മുന്നെ പരാമര്‍ശിച്ച ന്യൂസിലാന്‍ഡ് ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തിനും ഹേതുവായതെന്ന വസ്തുത ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്. 

മ്യാന്‍മറില്‍ നടന്ന കുപ്രസിദ്ധമായ വംശഹത്യക്കിടെ സൈനിക പ്രമുഖരും, ബുദ്ധമത ദേശീയവാദികളും, റോഹിന്‍ഗ്യന്‍ മുസ്ലീങ്ങളെ അപകീര്‍ത്തിപ്പെടുത്തുവാനും അവരുടെ പ്രവൃത്തികളെ പൈശാചിക വത്കരിച്ചു കാണിക്കുവാനും സമൂഹമാധ്യമങ്ങള്‍ വ്യാപകമായി ഉപയോഗപ്പെടുത്തി. വെറും 2% മാത്രമുള്ള റോഹിംഗ്യന്‍ മുസ്ലീങ്ങൾ സമീപഭാവിയില്‍  തന്നെ ഭൂരിപക്ഷമായ ബുദ്ധമതക്കാരേക്കാള്‍ അധികമാവുമെന്ന്  ദേശീയവാദികള്‍ പ്രചരണം നടത്തി. ഫേസ്ബുക്ക് ഇതിനു ഫലപ്രദമായൊരു ഉപകരണമായി വര്‍ത്തിച്ചുവെന്ന് യു.എന്‍ ഫാക്ട് ഫൈന്‍ഡിങ്ങ് (UN Fact Finding mission) മിഷന്‍ അന്ന്  വ്യക്തമാക്കിയിരുന്നു.

2018-ല്‍ ശ്രീലങ്കയില്‍ മുസ്ലീം – തമിഴ് വിഭാഗത്തിനെതിരെ നടന്ന ഓൺലൈന്‍ വിദ്വേഷ പ്രചരണങ്ങളും തുടർന്നുണ്ടായ സംഘര്‍ഷങ്ങളും സമാനസ്വഭാവമുള്ള താണ്. ഇതിനേത്തുടർന്ന് ശ്രീലങ്കന്‍ ഗവൺമെന്റ് ഫേസ്ബുക്ക്, വൈബര്‍ പോലുള്ള നവമാധ്യമ ആപ്പുകള്‍ ഒരാഴ്ചത്തേക്ക് നിരോധിച്ചു. ഇത്തരമൊരു അടിയന്തരഘട്ടത്തില്‍ കൃത്യമായി പ്രതികരിക്കാനും നടപടികള്‍ സ്വീകരിക്കുവാനും ഫേസ്ബുക്കിനോ, സമാന ആപ്പുകള്‍ക്കോ കഴിഞ്ഞില്ലെന്നും  ഗവൺമെന്റ് കുറ്റപ്പെടുത്തി.

ജര്‍മ്മനിയില്‍ അഭയാര്‍ത്ഥികള്‍ക്കു നേരേയുണ്ടാവുന്ന ആക്രമണങ്ങളും അവര്‍ക്കെതിരായി ഫേസ്ബുക്കില്‍ തീവ്രവലതുപക്ഷവാദികള്‍ നടത്തുന്ന വിദ്വേഷപ്രചരണവും തമ്മില്‍ നേരിട്ട് ബന്ധമുണ്ടെന്ന് പ്രശസ്ത ജര്‍മ്മന്‍ പണ്ഡിതരായ കാൾസ്ടൺ മുള്ളറും, കാര്‍ലോ സ്വര്‍സും വിലയിരുത്തുന്നു.

ഏതാനും ഉദാഹരണങ്ങളായി മാത്രം ചൂണ്ടിക്കാണിക്കാവുന്ന സംഭവങ്ങളാണ് മേല്‍പ്പറഞ്ഞവ. ഏതെങ്കിലുമൊരു ഭൂഖണ്ഡത്തിലോ, രാജ്യത്തിനുള്ളിലോ ഒതുങ്ങുന്നതല്ല, മറിച്ച് ലോകത്താകമാനം അനായാസേന വെറുപ്പ് പടര്‍ത്താന്‍ ക്ഷമതയുള്ളൊരു സമാന്തരലോകം തന്നെയാണ് നവമാധ്യമമണ്ഡലമെന്ന്  അടിവരയിട്ടുറപ്പിക്കുകയാണ്.

ഇന്ത്യന്‍ നവമാധ്യമോപയോഗത്തിന്‍റെ നേര്‍ക്കാഴ്ച്ചകള്‍…

ഫേസ്ബുക്കും, വാട്‌സാപ്പും പോലുള്ള നവമാധ്യമങ്ങളുടെ കടന്നുവരവോടുകൂടി ജീവിതചര്യയിലും, സാമൂഹ്യ ഇടപെടലുകളിലും ഒക്കെ വന്ന മാറ്റം നാമോരോരുത്തരും സ്വയം വിലയിരുത്തുന്നത് ഉചിതമായിരിക്കും. കാലാകാലമായി അച്ചടിമാധ്യമങ്ങളും, ദൃശ്യ-ശ്രാവ്യമാധ്യമങ്ങളും ആര്‍ജ്ജിച്ചെടുത്ത പ്രതാപത്തെ നിഷ്പ്രഭമാക്കിക്കൊണ്ട് ചുരുങ്ങിയ കാലയളവിനുള്ളില്‍ വന്‍മരമായി വളർന്ന് ആശയവിനിമയ മേഖലതന്നെ കീഴടക്കി മുന്നേറുകയാണ് ഇത്തരം നവമാധ്യമങ്ങള്‍. ഇന്ത്യന്‍ ഭരണഘടന അനുച്ഛേദം 19(1)(a)യില്‍ നല്‍കപ്പെട്ടിരിക്കുന്ന സംസാരത്തിനും, ആശയപ്രകടനത്തിനുമുള്ള സ്വാതന്ത്ര്യം പൗരന്‍മാര്‍ അങ്ങേയറ്റം ഉപയോഗിക്കുന്ന വേദിയായി സമൂഹമാധ്യമങ്ങള്‍ മാറി. എന്നാല്‍ പ്രസ്തുത അനുച്ഛേദത്തില്‍ തന്നെ ഉള്‍പ്പെടുത്തിയിരിക്കുന്ന ന്യായമായ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടാണോ പ്രസ്തുത അവകാശം ഉപയോഗിക്കുന്നതെന്നതാണ് ചിന്തിക്കേണ്ട വിഷയം. ഭാരതത്തിന്റെ പരമാധികാരം, അഖണ്ഡത, പൊതു സമാധാനത്തിന്‍റെയോ, സാന്‍മാര്‍ഗികതയുടേയോ താല്‍പ്പര്യങ്ങള്‍, സചേതനമായ മറ്റു മേഖലകള്‍ എന്നിവയ്ക്ക് കോട്ടം വരാത്ത തരത്തിലാവണം ആശയപ്രകടനം എന്ന് സ്പഷ്ടമായി തന്നെ പ്രസ്തുത അനുച്ഛേദം വിവരിക്കുന്നുണ്ട്.

എന്നാൽ, ഒരു ശരാശരി ഫേസ്ബുക്ക് ഉപഭോക്താവിനു പലകുറി അനുഭവേദ്യമായേക്കാവുന്നൊരു വസ്തുതയാണ് എത്രമാത്രം വര്‍ഗ്ഗീയവിദ്വേഷ വിഷം ചുമക്കുന്നൊരു സമാന്തരലോകമാണ് ഫേസ്ബുക്കെന്നത്. മത-വര്‍ഗ്ഗ-രാഷ്ട്രീയ-പ്രാദേശിക വിദ്വേഷം അതാത് മേഖല തിരിച്ചു തന്നെ അവിടെ കാണാനാകും.

കഴിഞ്ഞൊരു ദശാബ്ദത്തില്‍ വിപ്ലവകരമായ ഒട്ടനവധി മാറ്റങ്ങള്‍ക്കാണ് നവമാധ്യമലോകം സാക്ഷ്യം വഹിച്ചത്. വിവിധങ്ങളായ കമ്പനികള്‍ കുറഞ്ഞ വിലയ്ക്ക് വിപണിയിലെത്തിച്ച സ്മാര്‍ട്ട് ഫോണുകള്‍, കുറഞ്ഞ നിരക്കിലുള്ള ഇന്റര്‍നെറ്റ് ലഭ്യത എന്നിവ ജനങ്ങളിലേയ്‌ക്കെത്തി. ഇത്തരം സൗകര്യങ്ങള്‍ പ്രാദേശിക ഭാഷകളിലും ലഭ്യമായതോടുകൂടി കോടിക്കണക്കിനു പുതു ഉപഭോക്താക്കളെയാണ് പല നവമാധ്യമങ്ങള്‍ക്കും ലഭിച്ചത്. നവസമൂഹമാധ്യമോപയോഗത്തിന്റെ ഈ പ്രവൃദ്ധി മെല്ലെ വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും നടപാത വെട്ടി തുറക്കുകയായിരുന്നു.

കോവിഡ്-19 രോഗവ്യാപനം തടയാന്‍ ലക്ഷ്യമിട്ട്  കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഒരു മാസ ദേശീയലോക്ക്ഡൗൺ കാലഘട്ടത്തില്‍ മഹാരാഷ്ട്രയില്‍ മാത്രം 172 കേസുകളാണ് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിനും, വിദ്വേഷ പ്രചരണം നടത്തിയതിനും ഫയല്‍ ചെയ്യപ്പെട്ടത്. ‘ഫേസ്ബുക്കിലും’, ‘വാട്സാപ്പിലും’ പിന്നെ സമീപകാലത്ത് നിരോധിച്ച ടിക്ക്‌ടോക്കിലുമാണ് ഇവ ഏറിയ പങ്കും അരങ്ങേറിയത്. ഇത്തരത്തില്‍ നവമാധ്യമലോകം സംഭാവന ചെയ്ത ദൗര്‍ഭാഗ്യകരവും, ഒഴിവാക്കപ്പെടേണ്ടിയിരുന്നതുമായ ചില സംഭവങ്ങള്‍ പരിശോധിക്കാം….

നോര്‍ത്ത് – ഈസ്റ്റ് വംശജരുടെ കൂട്ടപലായനം-2012

ഇന്ത്യയില്‍ ദൃശ്യമായ ആദ്യ ഓൺലൈന്‍ വിദ്വേഷ പ്രചരണങ്ങളില്‍  ഒന്ന് 2012-ല്‍ എസ്.എം.എസ്., എം.എം.എസ്, ഫേസ്ബുക്ക് എന്നിവ വഴി ബാംഗ്ലൂര്‍, പൂന, ചെന്നൈ എന്നിവിടങ്ങളില്‍ താമസിക്കുന്ന നോര്‍ത്ത് – ഈസ്റ്റ് വംശജര്‍ക്കെതിരായി നടന്ന വിദ്വേഷപ്രചരണമാണ്. മികച്ച ജീവിത സാഹചര്യങ്ങളും ജോലിയും തേടിയെത്തിയ ഒട്ടേറെ നോര്‍ത്ത് ഈസ്റ്റ് വംശജര്‍ ഇവിടങ്ങളില്‍ ജീവിക്കു ന്നുണ്ടായിരുന്നു. ആസ്സാമിലെ ബോഡോ വംശജരും, അവിടെ കുടിയേറി പാര്‍ത്ത ബംഗാളി മുസ്ലീങ്ങളും തമ്മില്‍ ‘കൊകൊജ്ഹാറില്‍’ നടന്ന വര്‍ഗ്ഗീയ കലാപത്തെ തുടർന്ന് കൊല്ലപ്പെട്ട ബോഡോ വംശജര്‍ക്കായി പ്രതികാരം ചെയ്യണമെന്ന തരത്തില്‍ സന്ദേശങ്ങള്‍ നവമാധ്യമങ്ങൾ വഴി പ്രചരിച്ചിരുന്നു. ഈ സന്ദേശങ്ങള്‍ ബാംഗ്ലൂരിലാകമാനം കത്തിപ്പടരുകയും, നോര്‍ത്ത് – ഈസ്റ്റ് വംശജര്‍ക്കെതിരെ മുസ്ലീം സമുദായം പ്രതികരിക്കുവാനും തുടങ്ങി. ഇനിയും ബാംഗ്ലൂരില്‍ തുടർന്നാല്‍ ജീവന്‍പോലും നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നു കരുതി ഏതാണ്ട് മുപ്പതിനായിരത്തോളം നോർത്ത് – ഈസ്റ്റ് വംശജരാണ്  സ്വന്തം നാട്ടിലേക്ക് തിരിച്ചുപോയത്. അതില്‍ മംഗ്ലോയിഡ് വിഭാഗക്കാരായ തിബറ്റ്, ചൈനീസ്, ഇന്ത്യന്‍, കൊറിയന്‍ വംശജരും ഉള്‍പ്പെട്ടിരുന്നു. ഓൺലൈൻ വിദ്വേഷ പ്രേരണയും, ഭീഷണിയും മൂലം പതിനായിരങ്ങള്‍ സ്വജീവനും സുരക്ഷയും കണക്കിലെടുത്ത് സ്വന്തം നാട്ടിലേക്ക് കൂട്ടപലായനം ചെയ്യേണ്ടി വന്ന ഇന്ത്യയിലെ ആദ്യത്തെ സംഭവമായിരുന്നു ഇത്.

മുസാഫര്‍നഗര്‍ കലാപം

നോര്‍ത്ത്-ഈസ്റ്റ് വംശജരുടെ കൂട്ടപലായനത്തിനുശേഷം ഇന്ത്യ കണ്ടത് 2013-ല്‍ ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ നടന്ന മുസ്ലീം വിരുദ്ധകലാപമാണ്. ആയിരക്കണക്കിനു മുസ്ലീങ്ങള്‍ക്കാണ് ആ കലാപത്തില്‍ വീടുപേക്ഷിച്ചു പോകേണ്ടിവന്നത്. കലാപത്തിനു കാരണമായത് യു.പിയിലെ ഒരു എം.എല്‍.എ ആയിരുന്ന ‘സംഗീത് സോം’ ഫേസ്ബുക്കില്‍ പങ്കുവെച്ചൊരു വിവാദ വീഡിയോയാണ്. ഈ വീഡിയോ വലിയൊരു ജാട്ട് മഹാപഞ്ചായത്ത് (പ്രദേശത്തെ ഗ്രാമീണരുടെ സമ്മേളനം) സമ്മേളനത്തിനും, വലിയ ജനക്കൂട്ടം ഒത്തുചേരുന്നതിനും കാരണമായി. മുസ്ലീം ജനക്കൂട്ടം ഒരു ഹിന്ദു യുവാവിനെ സംഘം ചേർന്നു  മര്‍ദ്ദിക്കുന്നതായുള്ള വീഡിയോ ദൃശ്യമായിരുന്നു അത്. പ്രസ്തുത ദൃശ്യം 2010-ല്‍ ‘പാകിസ്ഥാനിലെ സിയാൽകോട്ടിൽ’ നടന്നതാണെന്ന് ആധികാരികമായി തെളിയിക്കപ്പെട്ടപ്പോഴേക്കും സ്ഥിതിഗതികള്‍ കൈവിട്ടു പോയിരുന്നു. വ്യാജപ്രചാരണം തടയുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടുവെന്ന ആക്ഷേപവും ഈ സംഭവത്തിന്റെ വെളിച്ചത്തിൽ പരക്കെ ഉയർന്നിരുന്നു.

ദൗര്‍ഭാഗ്യകരമായ മറ്റുചില സംഭവങ്ങളിലൂടെ…

2012- ഡിസംബര്‍ 6ന് ‘രാജസ്ഥാനിലെ രാജ്‌സമന്തില്‍’, ‘മുഹമ്മദ് അഫ്‌റസുള്‍’ എന്ന യുവാവിനെ ‘ലൗ ജിഹാദ്’ ആരോപിച്ച് ‘ശംഭുലാല്‍ റീഗര്‍’ എന്നയാൾ വെട്ടിക്കൊലപ്പെടുത്തുകയും മൃതശരീരം കത്തിക്കുകയും ചെയ്തു. ഈ ക്രൂരകൃത്യം ‘റീഗര്‍’ റെക്കോര്‍ഡ് ചെയ്യുകയും ശേഷം ‘യൂട്യൂബില്‍’ ‘അപ്‌ലോഡ് ചെയ്യുകയും ചെയ്തു. നിമിഷനേരത്തിനുള്ളില്‍ പ്രസ്തുത വീഡിയൊ വൈറല്‍ ആകുകയും കോടികണക്കിനാളുകള്‍ കാണുകയും ചെയ്തു. ‘ട്വിറ്ററില്‍’ ലൗ ജിഹാദിനെതിരെ നിരവധി ക്യാംപ്‌നെയിനുകള്‍ നടക്കുന്ന സമയമായിരുന്നു അത്. എന്നാല്‍ സംഭവം നടന്ന സ്ഥലത്തിന് നൂറ് കിലോമീറ്റര്‍ ചുറ്റളവില്‍ പോലും ലൗജിഹാദ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല .

‘റീഗറി’ നെതിരായ ചാര്‍ജ്ഷീറ്റില്‍ ഹിന്ദു മതവാദം, ലൗജിഹാദ്, ഇസ്ലാമിക് ജിഹാദ്, കാശ്മീര്‍ തീവ്രവാദം, അധികരിക്കപ്പെടുന്ന മുസ്ലീം ജനസംഖ്യ, രാംമന്ദിര്‍, ജാതിവ്യവസ്ഥ, തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെട്ട’ വീഡിയോകള്‍ അയാള്‍ ശേഖരിച്ചിരുന്നുവെന്നും, കൊലപാതകത്തിന് മുന്‍പ് ഇത്തരത്തിലുള്ള അഞ്ച് വീഡിയോകള്‍ അയാള്‍ തയ്യാറാക്കിവെച്ചിരുന്നുവെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

2017-ല്‍ ‘കൊല്‍ക്കത്തയിലെ ബദുരിയയില്‍’ഒരു പതിനേഴ്‌വയസുകാരന്റെ ‘ഫെയ്‌സ്ബുക്ക്’പോസ്റ്റ് വര്‍ഗീയ ലഹളയിലേയ്ക്കാണ് നയിച്ചത്. ലഹളയില്‍ ഒരാൾ മരണപ്പെടുകയും രണ്ടുപോലീസുകാരുൾപ്പെടെ ഇരുപത്തിയഞ്ചുപേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. ഒട്ടനവധി വീടുകള്‍ തകര്‍ക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തു. സമാനമായ രീതിയില്‍ രണ്ടുലഹളകള്‍ കൂടി ഓൺലൈൻ പോസ്റ്റുകളെച്ചൊല്ലി ഉണ്ടായപ്പോള്‍ അന്നത്തെ ബംഗാൾ മുഖ്യമന്ത്രി മമതബാനര്‍ജി ഇടപെട്ട് എല്ലാ മതങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ ഉള്‍ക്കൊള്ളിച്ച് കൊണ്ട് ‘അടിയന്തിര പ്രതിരോധ സംഘത്തിന് (Quick Responic Team) രൂപം നല്‍കി.  ഭാവിയില്‍ ഇത്തരത്തിലുള്ള ലഹളകള്‍ തടയാന്‍കൂടി ലക്ഷ്യം വച്ചുകൊണ്ടുള്ളതായിരുന്നു ഈ നീക്കം.

ഏറ്റവും ഒടുവില്‍, ഡല്‍ഹിയില്‍ 2020 ഫെബ്രുവരിയില്‍ നടന്ന കലാപത്തിന് പിന്നിലും നവമാധ്യമ സ്വാധീനമുണ്ടായതായി സംശയഭേദമന്യേ പറയാം. ഡല്‍ഹിയിലെ ചില രാഷ്ട്രീയ നേതാക്കള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വിദ്വേഷ പ്രംഗങ്ങളാണ് കലാപത്തിന് ‌പ്രേരകമായി വര്‍ത്തിച്ചത്. ഫലമോ, 53 പേര്‍ മരിക്കുകയും നൂറുകണക്കിനാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മറ്റു കലാപങ്ങളിലേത് പോലെ തന്നെ വീടുകളും കടകളും കൊള്ളയടിക്കപ്പെട്ടു.

നവസമൂഹമാധ്യമങ്ങളുടെ തുടർപാത

നവസമൂഹമാധ്യമങ്ങള്‍ പ്രതിനിദാനം ചെയ്യുന്നത് ലോകത്താകമാനമുള്ള മനുഷ്യർ ഉള്‍ക്കൊള്ളുന്ന സമാന്തരമായ മറ്റൊരു ലോകത്തേയാണ്.  അവിടെ മനുഷ്യര്‍ ജീവിച്ചുതുടങ്ങിയിട്ട് രണ്ടു ദശാബ്ദകാലം കഷ്ടിച്ച് പൂർത്തിയാകുന്നതേയുള്ളു. നവമാധ്യമലോകം തുറന്നു തരുന്ന അതിവിശാലമായ സാധ്യതകള്‍ ഉള്‍ക്കൊള്ളുവാനും ഉപയോഗിക്കുവാനുമുള്ള ക്ഷമതയും പാകതയും മാനവരാശിയ്ക്ക് കൈവരാന്‍ കാലതാമസമുണ്ടാകുന്നതില്‍ അസ്വാഭാവികമായും ഒന്നും തന്നെയില്ല. ഏതെങ്കിലുമൊരു രാഷ്ട്രത്തിനു സമ്പൂര്‍ണ്ണാവകാശമോ അധികാരമോ ഇല്ലാത്തതിനാൽ നവമാധ്യമലോകത്തെ നിയന്ത്രിച്ചുനിര്‍ത്തുവാനുള്ള രാഷ്ട്രങ്ങളുടെ ശേഷി ന്യൂനമാണ്. ശ്രേയാ സിംഗാളും, യൂണിയന്‍ ഓഫ് ഇന്ത്യയും തമ്മിലുള്ള കേസില്‍ അഭിപ്രായത്തിനും, ആശയപ്രകടനത്തിനും ഉള്ള ഭരഘടനപരമായ അവകാശത്തെ ഹനിക്കുന്നുവെന്ന്  ചൂണ്ടിക്കാണിച്ച്, വിവര സാങ്കേതിക നിയമം വകുപ്പ് 66A ഇന്ത്യൻ സുപ്രീംകോടതി റദ്ദാക്കിയത് ശ്രദ്ധേയമാണ്. രാജ്യത്തിനും ഭരണകൂടത്തിനും എതിരായ നീക്കം എന്നാരോപിച്ച്  വിമർശനങ്ങളെയും എതിർ സ്വരങ്ങളെയും നിശബ്ദമാക്കുവാൻ ഈ വകുപ്പ് അധികാരികൾ വ്യാപകമായി ഉപയോഗിച്ചിരുന്നു.

എന്നാൽ അതേ അഭിപ്രായസ്വാതന്ത്ര്യത്തിനു ന്യായമായ നിയന്ത്രണങ്ങളും ഭരണഘടനയില്‍ തന്നെ നൽകിയിട്ടുള്ളത് പാലിച്ചുവേണം സൈബറിടങ്ങളില്‍ ഓരോ പൗരനും ഇടപെടേണ്ടത്. തങ്ങള്‍ക്കു നീരസമുള്ളവര്‍ക്കെതിരെ വൈരാഗ്യബുദ്ധിയോടെ ഗവൺമെന്റും, പോലീസും സെക്ഷന്‍ 66A ഉപയോഗിച്ചതിന്റെ അന്തിമഫലമാണ് പ്രസ്തുത റദ്ദാക്കലിലേയ്ക്ക് നയിച്ചത്. അതും ഒഴിവാക്കപ്പെടേണ്ടതായിരുന്നു. ചുരുക്കത്തില്‍ ഇത്തരത്തിലോരു സന്തുലിതവും, സ്വയംനിയന്ത്രിതവുമായ ചുറ്റുപാടില്‍ മാത്രമേ സൈബര്‍ ലോകം നിലനില്‍ക്കാന്‍ പാടുള്ളൂ.

2020 സെപ്റ്റംബര്‍ 23-ാം തീയതി ബുധനാഴ്ചയാണ് കാലാകാലമായി ഫേസ്ബുക്കിനും, യുട്യൂബിനും, ട്വിറ്ററിനുമെല്ലാം പരസ്യം നല്‍കിയിരുന്ന കമ്പനികള്‍, വര്‍ഷങ്ങളായി ആവശ്യപ്പെട്ടിരുന്ന വിദ്വേഷപ്രചരണം സംബന്ധിച്ച ഓഡിറ്റിനു കളമൊരുങ്ങിയത്. തങ്ങള്‍ നല്‍കുന്ന പരസ്യത്തിനോടു ചേർന്ന് വിദ്വേഷം നിറഞ്ഞ വീഡിയോകള്‍ വരുന്നത് തടയുന്നതിനുള്ള നടപടിയായിരുന്നു മേല്‍പ്പറഞ്ഞ ഓഡിറ്റ്. ലോകത്താകമാനം ഓൺലൈന്‍ വിദ്വേഷപ്രചരണങ്ങള്‍ക്കെതിരെ ശബ്ദമുയരുമ്പോള്‍ ഇന്ത്യയിലെ സ്ഥിതി ചിന്തിക്കേണ്ടതുണ്ട്.

ഡല്‍ഹി കലാപത്തില്‍ ഫേസ്ബുക്കിന്റെ പങ്ക് മുന്‍നിര്‍ത്തി ന്യൂഡല്‍ഹി ഗവൺമെന്റിന്റെ അന്വേഷണ കമ്മിറ്റിക്കു മുന്‍പാകെ ഹാജരാകാന്‍ ‘ഫേസ്ബുക്ക് പ്രതിനിധിയോടുത്തരവിട്ട’ സര്‍ക്കാര്‍ നടപടിക്കെതിരെ ഫേസ്ബുക്ക് അധികൃതർ സുപ്രീംകോടതിയില്‍ അപ്പീലിനു പോകുകയുണ്ടായി. ഡല്‍ഹി കലാപത്തില്‍ ഫേസ്ബുക്കിനുള്ള അനിഷേധ്യമായ പങ്ക് മറയ്ക്കാനാണ് ഈ ഒളിച്ചോട്ടമെന്നാണ് കഴിഞ്ഞ ഹിയറിങ്ങിനു ശേഷം കമ്മിറ്റി ചെയർമാൻ പ്രതികരിച്ചത്.

നവസമൂഹമാധ്യമങ്ങള്‍ പടര്‍ത്തുന്ന വിദ്വേഷകഥകള്‍ നിരന്തരവും, അനന്തവും, അനിയന്ത്രിതവുമായി തുടരുകയാണ്. വളരെ ചെറിയൊരു കാലയളവിനുള്ളില്‍ ഇവ പടര്‍ത്തിയ വെറുപ്പിന്റെ തോത് അതിവിപുലമാണ്. കൃത്യമായി നിയന്ത്രിച്ചുനിര്‍ത്താനായില്ലെങ്കില്‍ മാനവരാശിയുടെ നിലനില്‍പ്പിനു പോലും ഈ സമാന്തരലോകം ഭീഷണിയാവുമെന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. ഇന്ത്യയെപോലെ വൈവിധ്യപൂരിതമായൊരു രാജ്യം നവമാധ്യമ ലോകത്തിനു അങ്ങേയറ്റം കരുതലോടെ പരിധികല്‍പ്പിച്ചേ മതിയാകൂ. നവമാധ്യമങ്ങള്‍ വഴി ഒരുപാട് നന്മകള്‍ ഉണ്ടാവുന്നുണ്ടെന്നത് തിരസ്‌കരിക്കുന്നില്ല.  പ്രത്യേകിച്ച് കോവിഡ്-19 സാഹചര്യത്തില്‍ ഇവയുടെ ഉപയോഗം നാമോരോരുത്തരും അനുഭവിച്ചറിയുന്നുണ്ട്.  

വിദ്യാഭ്യാസ്ഥാപനങ്ങളെല്ലാം തന്നെ ഓൺലൈന്‍ ക്ലാസുകള്‍ ആരംഭിച്ചു. വ്യാപാരസംബന്ധമായ കൂടികാഴ്ച്ചകളെല്ലാം തന്നെ ഇത്തരത്തില്‍ ഓൺലൈന്‍ മാര്‍ഗ്ഗത്തിലൂടേയായി.  നമ്മള്‍ ജീവിക്കുന്ന ലോകത്തിനു സമാന്തരമായൊരു ഓൺലൈന്‍ ലോകം ഒന്നു കൂടി തെളിഞ്ഞുകാണപ്പെട്ടു.  ഇത്തരം നന്മകള്‍ വിസ്മരിക്കാതെ തന്നെ സന്തുലിതമായൊരു തലത്തില്‍ നിന്നുകൊണ്ട് നവസമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുവാനുള്ളൊരു പാകതയിലേക്ക് പൊതു സമൂഹം എത്തുന്നതുവരെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ അതീവജാഗ്രതയോടെ നവസമൂഹമാധ്യമോപയോഗത്തെ നിരീക്ഷിച്ചു നിയന്ത്രിക്കണമെന്നും അവ ഉപയോഗിക്കുന്നവരും, ബന്ധപ്പെട്ട മറ്റെല്ലാ വിഭാഗങ്ങളും യുക്തമായ സ്വയം നിയന്ത്രണം പാലിക്കുവാൻ ശ്രമിക്കണമെന്നുമാണ് കാലഘട്ടം നമ്മളോട് ആവശ്യപ്പെടുന്നത്.

———————————————————————————————————————————–

1. സമൂഹത്തില്‍ മാധ്യമസ്വാധീനം അന്നും ഇന്നും, ഫാ.സണ്ണി കുറ്റിക്കാട്ട് സി.എം.ഐ, സത്യദീപം, മെയ് 25, 2017
2. Christchurch mosque attack: Brenton tarrant Sentenced to life without parole, BBC News, 27th Aug 2020.
3. Muzaffarnagar riots: ‘We had been brothers untill yesterday. Where did this hatred come from? , Harsh Mander, Scroll.in,Oct 05,2016.
4. Columbians take to streets in huge anti-FARC march, Patrick Markey, Reuters, Feb 4, 2008
5. After rumours, northeast people flee Banglore, Sharath.S. Srivastsa, Deepa Kurup, The Hindu, 16 August 2012.
6. No regret for hacking Afrazul to death: Shambhulal Regar releases another video, this time from Rajasthan prison, Online Desk, The New Indian Express, 19th February 2018 4:34 P.M
7. Lockdown: 172 cases filed in Maha cyber till Saturday, Outlook, source: PTI, 11 April 2020.
8. Attempt to hide crucial facts on Face book’s role in Delhi riots, says Assembly committee, The Hindu, 5th September, 2020
9. Delhi riots, Supreme courts grants relief to Face book official, The Hindu, 23rd September 2020
10. Communal clashes in west Bengal, state government rushes paramilitary troops, PTI, Times of India, July 4, 2017
11. Face book Admits it was used to Incite violence in Myanmar, Alexandra Stevenson, The Newyork Times November 6, 2018.

Related Articles

Leave a Comment

five × 2 =