Home Editorial തൊഴിൽനിയമങ്ങൾ മുതലാളിത്തസംരക്ഷണ നിയമങ്ങളായി മാറുമ്പോൾ

തൊഴിൽനിയമങ്ങൾ മുതലാളിത്തസംരക്ഷണ നിയമങ്ങളായി മാറുമ്പോൾ

Anjali N
201 views

ഒരു രാജ്യത്തിന്റെ നിലനില്പിനും പുരോഗതിക്കും ചുക്കാൻ പിടിക്കുന്നത് തൊഴിലാളിവർഗ്ഗമാണ്. കാള്‍ മാർക്സിന്റെ വാക്കുകൾ കടം എടുക്കുകയാണെങ്കിൽ സമൂഹത്തിലെ സമ്പദ് നിർമാണ വ്യവസ്ഥിതിയിലെ ഒഴിച്ചുകൂടാൻ പറ്റാത്ത കണ്ണികൾ. കോവിഡ്-19 മഹാമാരിയെ തുടർന്നുള്ള ലോക്ക്ഡൗൺ ഇന്ത്യയിലെ തൊഴിലാളികളും ആഭ്യന്തരകുടിയേറ്റ തൊഴിലാളികളും നേരിടുന്ന ക്രൂരമായ യാഥാർഥ്യത്തെ നമുക്ക് കാണിച്ചു തന്നിട്ടുണ്ട്. ഈ ദശകത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് രാജ്യം നേരിട്ട് കൊണ്ടിരിക്കുന്നത്. അതിനുമുകളിൽ കൂടിയാണ് കോവിഡ്-19 സൃഷ്ടിച്ച സാമ്പത്തികാഘാതം അധ്വാനിക്കുന്ന ജനവിഭാഗങ്ങളിലേക്ക് തന്നെ കെട്ടിവയ്ക്കുന്നതിന് തുല്യമായുള്ള തൊഴിൽ ഭേദഗതി നിയമങ്ങൾ.

ഇന്ത്യൻ ഭരണഘടന പ്രകാരം “തൊഴിൽ” കൺകറൻറ് ലിസ്റ്റിനകത്താണ് വരുന്നത്. അതായത് കേന്ദ്ര–സംസ്ഥാന ഭരണകൂടങ്ങൾക്ക് തൊഴിൽ നിയമനിർമാണത്തിനും നിയമഭേദഗതിക്കും തുല്യാവകാശമാണുള്ളത്. എന്നിരുന്നാലും ചിലകാര്യങ്ങളിലെ നിയമനിർമാണ അധികാരങ്ങൾ ദേശീയഭരണകൂടത്തിനു മാത്രമായി നിജപ്പെടുത്തിയിരിക്കുന്നു. ഇന്ന് നൂറിലധികം സംസ്ഥാന നിയമങ്ങളും നാല്പതിലധികം ദേശീയ നിയമങ്ങളും തൊഴിൽമേഖലയും തൊഴിലാളികളുമായും ബന്ധപ്പെട്ടു നിലവിലുണ്ട്. ഈ നിയമങ്ങളെയൊക്കെ ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് OCCUPATIONAL SAFETY, HEALTH AND WORKING CONDITIONS CODE, 2020 (OSHWC) രൂപംകൊണ്ടത്. വ്യാവസായിക ബന്ധങ്ങൾ, ആരോഗ്യ–തൊഴിൽ സ്ഥിതി, വേതനം, സാമൂഹിക സുരക്ഷ എന്നീ നാല് മേഖലകളെയാണ് OSHWC ഉൾപ്പെടുത്തിയിട്ടുള്ളത്. Industrial Disputes Act 1947, Factories Act 1948, Payment and Wages Act 1936, The Mines Act 1951 തുടങ്ങിയ നിയമങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളതാണ് OSHWC 2020. രാജ്യത്തു സോഷ്യലിസം ഭരണഘടനയ്ക്കകത്തുമാത്രമായി പരിമിതപ്പെടുന്ന തരത്തിലേക്കാണ് കാര്യങ്ങൾ നടക്കുന്നത്. കോവിഡ്-19 സൃഷിടിച്ച സാമ്പത്തികാഘാതത്തിൽ നിന്നും വ്യാവസായികമേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനായി ഉത്തർപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ, ഹരിയാന, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങൾ നിലവിലെ തൊഴിൽ നിയമങ്ങളിൽ പലതും റദ്ദുചെയ്യുകയും ഇളവുകൾ വരുത്തുകയുമാണ് ചെയ്തത്. തൊഴിലാളികളുടെ അവകാശ സംരക്ഷണ നിയമങ്ങളിൽ വെള്ളം ചേർക്കുമ്പോൾ നിക്ഷേപങ്ങൾ കുന്നുകൂടുകയും അതിലൂടെ സമ്പദ് വ്യവസ്ഥ പുനഃസ്ഥാപിക്കപ്പെടുകയും ചെയ്യുമെന്ന കണ്ടത്തലുകള്‍ മനുഷ്യാവകാശധ്വംസനങ്ങളിലേക്കാണ് വാതിൽ തുറക്കുന്നത്.

ഉത്തർപ്രദേശിൽ അടുത്ത മൂന്നു വർഷത്തേക്ക് ഒട്ടുമിക്ക തൊഴിൽ നിയമങ്ങളും റദ്ദാക്കി. സാധാരണയായി തൊഴിൽ നിയമങ്ങൾ നടപ്പിലാക്കുന്നതിൽ നിന്നും കമ്പനികളെ ഒഴിവാക്കുമ്പോൾ ചില ഉപാധികൾ പൂർത്തീകരിക്കേണ്ടതുണ്ട്. എന്നാൽ Minimum Wages Act അടക്കം റദ്ദാക്കിയ തൊഴിൽ നിയമങ്ങളിൽ പെടുന്നു എന്നുള്ളത് ആശങ്കയുളവാക്കുന്നതാണ്.
ഫാക്ടറി നിയമത്തിലെ 51, 54, 55, 56 സെക്ഷനുകളിൽ ഇളവുകൾ വരുത്തിക്കൊണ്ട് പല സംസ്ഥാനങ്ങളും ഓർഡിനൻസ് ഇറക്കുകയുണ്ടായി. 1948-ലെ ഫാക്ടറി നിയമത്തിലെ അമ്പത്തിയൊന്നാം സെക്ഷൻ പ്രകാരം തൊഴിലാളികളുടെ തൊഴിൽ സമയം ആഴ്ചയിൽ 48 മണിക്കൂറായി തിട്ടപ്പെടുത്തിയിരിക്കുന്നു. എന്നാൽ അതിനു വിപരീതമായി ഉത്തർപ്രദേശ്, ഗുജറാത്ത്, ഹിമാചൽപ്രദേശ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങൾ 48 മണിക്കൂർ എന്നത് 72 മണിക്കൂറായി മാറ്റംവരുത്തി. അതുപോലെ ഫാക്ടറി നിയമത്തിലെ അന്പത്തിനാലാം സെക്ഷൻ പ്രകാരം ദിവസേനയുള്ള ജോലി സമയം ഒമ്പതു മണിക്കൂറിൽ നിന്നും പന്ത്രണ്ടു മണിക്കൂറിലേക്കു ഉയർത്തിയിരിക്കുന്നു.

കോവിഡ്-19 എന്ന മറ ഉപയോഗിച്ചുകൊണ്ട് ഇന്ത്യ 134 വർഷങ്ങൾ പിന്നോട്ടേക്ക് നടക്കുകയാണ്. വ്യാവസായിക വിപ്ലവത്തിന് ശേഷം ദിവസേന പതിനാറു മണിക്കൂറിലധികം പണിയെടുക്കേണ്ടിവന്ന അവസ്ഥയ്ക്കെതിരെ സംഘടിച്ചുകൊണ്ടാണ് 1800-കളിൽ തൊഴിലാളി പ്രസ്ഥാനങ്ങൾ രൂപം കൊണ്ടത്. തുടർന്നങ്ങോട്ട് ലോകം മുഴുവൻ തൊഴിലാളി പ്രസ്ഥാനങ്ങൾ ഇത്തരം സമരങ്ങളും പ്രതിഷേധങ്ങളും ഏറ്റെടുക്കുകയുണ്ടായി. അതിൽ പ്രസിദ്ധമാണ് 1886 മെയ് മാസത്തിൽ ചിക്കാഗോ തെരുവിൽ 8 മണിക്കൂർ ജോലി, 8 മണിക്കൂർ വിനോദം, 8 മണിക്കൂർ വിശ്രമം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് തൊഴിലാളികൾ നടത്തിയ പ്രകടനം. 1919–ൽ അന്താരാഷ്ട്ര തൊഴിലാളി സംഘടന (ILO) രൂപംകൊണ്ടപ്പോൾ അതേ വർഷം നടന്ന ആദ്യ കൺവെൻഷനിലെ മുഖ്യ അജണ്ട എന്നത് തൊഴിലാളികളുടെ ജോലി സമയം 8 മണിക്കൂർ ആക്കുക എന്നുള്ളതായിരുന്നു. 1921 –ൽ ഇന്ത്യ ഈ ഉടമ്പടിയിൽ ഒപ്പുവയ്ക്കുകയുമുണ്ടായി. അതിൽ നിന്നും വിരുദ്ധമായാണ് 8 മണിക്കൂർ ജോലി എന്നുള്ളതിൽ നിന്നും 12 മണിക്കൂർ ആക്കി മാറ്റിയ സാഹചര്യം ഇപ്പോൾ രൂപപ്പെട്ടിരിക്കുന്നത്. ഫാക്ടറി നിയമത്തിലെന്നപോലെ ഒരു നിശ്ചിത തൊഴിൽസമയം OSHWC–ൽ പ്രതിപാദിക്കുന്നില്ല. ജോലി സമയത്തെക്കുറിച്ചു അതാത് സംസ്ഥാന സർക്കാരുകൾക്കോ കേന്ദ്ര സർക്കാരിനോ തീരുമാനം എടുക്കാം എന്നാണ് പറയുന്നത്. അതായത് OSHWC വഴി കേന്ദ്ര സർക്കാർ കൊണ്ടുവരാൻ ശ്രമിച്ച അതേ നയമാണ് കോവിഡിന്റെ മറവിൽ നടപ്പിലാക്കിയിരിക്കുന്നത്.
അതിനുമുപരിയായി ഗുജറാത്തിലെ വാണിജ്യ–വ്യാവസായ സംഘടന ഒരു വർഷത്തേക്ക് ട്രേഡ് യൂണിയൻ പ്രവർത്തനങ്ങൾ നിരോധിക്കുവാനും കരാർ തൊഴിലാളികളുടെ ദിവസക്കൂലി 202 രൂപയിലേക്കു കുറയ്ക്കാനുമായി ഗവൺമെന്റിന്റെ സഹായം തേടിയിരിക്കുന്നു. തൊഴിലാളികളുടെ അടിസ്ഥാനാവകാശമായ സംഘം കൂടാനും പ്രതികരിക്കാനുമടക്കമുള്ള അവകാശങ്ങൾ അട്ടിമറിക്കപ്പെടുകയാണ്.

തൊഴിലാളികളെ അടിമകളാക്കി മാറ്റുന്ന പുതു സമ്പ്രദായങ്ങൾക്കു മുതലാളിവർഗ്ഗ ശക്തികളോടൊപ്പം ഗവൺമെന്റും കൂട്ടുനിൽക്കുന്നുവെന്നത് ഭീതിയുണർത്തുന്നു.
നിയമങ്ങളിൽ മാറ്റം/പരിഷ്കരണം കൊണ്ടുവരുമ്പോൾ നിലവിലെ സാഹചര്യം മെച്ചപ്പെടുകയാണ് വേണ്ടത്. എന്നാൽ നിയമങ്ങൾ റദ്ദാക്കുന്നതു വഴി യാതൊരുവിധ സംരക്ഷണങ്ങളും തൊഴിലാളികൾക്ക് ലഭിക്കുന്നില്ലെന്ന് മാത്രമല്ല അവരുടെ വിലപേശാനുള്ള കഴിവിനേയും കൂടി ഇല്ലാതാക്കിയിരിക്കുന്നു. ഒരുപാട് നിയമങ്ങൾ ഉണ്ടാവുന്നതുമൂലമുള്ള സങ്കീർണതകൾ ഒഴിവാക്കാനും രാജ്യമൊട്ടാകെ ഏകീകൃതമായൊരു രൂപംകൈക്കൊള്ളാനുമെന്ന വ്യാജേനയാണ്
OSHWC അവതരിപ്പിക്കുകയുണ്ടായത്. എന്നാൽ നിലവിലെ നിയമങ്ങളെ മെച്ചപ്പെടുത്തുന്നതിന് പകരം ഈ പരിഷ്കരണം കൂടുതൽ തലവേദനകൾ തൊഴിലാളികൾക്ക് സമ്മാനിക്കുകയാണ് ചെയ്തത്. പുതുതായി അവതരിപ്പിച്ച നിയമാവലി തൊഴിലാളി–മുതലാളി അന്തരം കൂട്ടുകയാണ് ചെയ്യുന്നത്. സുരക്ഷാ കാര്യങ്ങൾ എടുക്കുകയാണെങ്കിൽ OSHWC ബില്ലിലെ നാലാം അധ്യായത്തിലെ തൊഴിൽ സുരക്ഷ–ആരോഗ്യം പ്രതിപാദിക്കുന്ന ഭാഗത്തു തൊഴിലാളികളുടേയും തൊഴിൽദാതാവിന്റേയും പ്രതിനിധികളെ ഉൾപ്പെടുത്തിക്കൊണ്ട് സുരക്ഷാസമിതി രൂപീകരിക്കണമെന്ന് പറയുന്നു. പക്ഷേ ഇക്കാര്യം 500–ൽ അധികം തൊഴിലാളികൾ പണിയെടുക്കുന്ന ഫാക്ടറി/കെട്ടിടനിർമാണ കമ്പനികൾക്ക് മാത്രമാണ് ബാധകം. അതുപോലെ 100–ൽ അധികം തൊഴിലാളികൾ പണിയെടുക്കുന്ന ഖനികളിലും ഇത് ബാധകമാണ്. ഇനി ക്ഷേമ ഓഫീസറുടെ കാര്യത്തിൽ അത് 250 തൊഴിലാളികളായി തിട്ടപ്പെടുത്തിയിരിക്കുന്നു. ചുരുക്കത്തിൽ, മുതലാളിവർഗ്ഗത്തിനു/വരേണ്യവർഗ്ഗത്തിനു തങ്ങളുടെ ഉത്തരവാദിത്തങ്ങളിൽ നിന്നും ഒഴിഞ്ഞുമാറാനുള്ള വേദിയൊരുക്കുകയാണ് പുതിയ ബിൽ ചെയ്തത്.

ഇത് നവ ഉദാരവത്കരണത്തിന്റെ (Neoliberalism) കാലമാണ്. സ്വതന്ത്ര വിപണികളാണ്  സമ്പദ് വ്യവസ്ഥയെ നിർവചിക്കുന്നത്. സമ്പന്ന–ദരിദ്ര്യ രാഷ്ട്രമെന്ന വ്യത്യാസമില്ലാതെ ദ്രുതഗതിയിലുള്ള സാമ്പത്തിക വളർച്ച പ്രാപ്തമാക്കാൻ നിയോലിബറൽ നയങ്ങൾ അനിവാര്യമാണെന്ന് വരേണ്യവർഗ്ഗത്തിന് തോന്നുകയുണ്ടായി. അതിലൂടെ ലഭ്യമാക്കുന്ന നേട്ടങ്ങൾ സമൂഹത്തിലെ താഴേക്കിടയിലുള്ളവരിലേക്കുമെത്തുമെന്നായിരുന്നു അവകാശവാദം. എന്നാൽ അത്തരം സാമ്പത്തിക വളർച്ച കൈവരിക്കാൻ തൊഴിലാളികൾക്ക് കുറഞ്ഞ വേതനത്തിൽ പണിയെടുക്കാനും ഗവൺമെന്റിന് സഹായധനങ്ങൾ വെട്ടിച്ചുരുക്കാനും നിർബന്ധിതരാകേണ്ടി വന്നു. നവഉദാരവത്കരണ നയങ്ങൾ മുപ്പത് വർഷം പിന്നിടുമ്പോൾ സാമ്പത്തിക വളർച്ച മുരടിക്കുകയാണ്. സാമൂഹിക–സാമ്പത്തിക നേട്ടങ്ങൾ മേൽത്തട്ടുകളിൽ മാത്രമായി ഒതുങ്ങിയിരിക്കുന്നു. സാമൂഹിക-സാമ്പത്തിക അരക്ഷിതത്വം താഴേക്കിടയിൽ കൂടുകയാണ്. തൊഴിലാളികളെ ചൂഷണം ചെയ്യുന്ന നവഉദാരവത്കരണ സിദ്ധാന്തത്തെ കുഴുച്ചുമൂടുകയാണ് വേണ്ടതെന്നു പ്രശസ്ത സാമ്പത്തിക വിദഗ്ദനും നോബൽ സമ്മാന ജേതാവുമായ ജോസഫ് സ്റ്റിഗ്ലിറ്റ്സ് പറയുകയുണ്ടായി.

കനേഡിയൻ സോഷ്യൽ ആക്ടിവിസ്റ്റും ചിന്തകയും എഴുത്തുകാരിയുമായ നവോമി ക്ലെയിൻ, 2007–ൽ പ്രസിദ്ധീകരിച്ച ‘The Shock Doctrine‘ എന്ന പുസ്തകത്തിൽ ഡിസാസ്റ്റർ ക്യാപിറ്റലിസത്തിന്റെ രൂപരേഖ വരയ്ക്കുകയുണ്ടായി. നിയോലിബറൽ നയങ്ങൾ നടപ്പിലാക്കുന്നതിന് വേണ്ടി ഗവൺമെൻ്റും മുതലാളിത്തവർഗ്ഗ ശക്തികളും ‘Shock Therapy‘ എന്ന വഴി സ്വീകരിക്കുന്നു. അതായത് രാജ്യത്തു നിലനിൽക്കുന്ന ദുരന്തങ്ങളും സംഘർഷങ്ങളും കെട്ടുമറകളാക്കിക്കൊണ്ടു ജനങ്ങൾക്ക് സ്വീകാര്യമല്ലാത്ത സാമ്പത്തിക നയങ്ങളും അതുപോലെ മറ്റുനിയമങ്ങളും നടപ്പിലാക്കുന്ന രീതിയാണിത്. ജനങ്ങളുടെ ശ്രദ്ധ മറ്റുകാര്യങ്ങളിലേക്കു തിരിച്ചുവിട്ടുകൊണ്ടു നിലവിലുള്ള അസമത്വങ്ങളെ ചൂഷണം ചെയ്യുവാനും അതുവഴി സ്വകാര്യകമ്പനികൾക്ക് ലാഭം കൊയ്യാനുള്ള അവസരങ്ങളേർപ്പെടുത്തുന്ന പരിപാടി. നവോമി തന്റെ പുസ്തകത്തിൽ ഇറാഖ് യുദ്ധമാണ് ഉദാഹരണമായി കാണിച്ചു തന്നിരിക്കുന്നത്. യുദ്ധത്തിന്റെ മറവിൽ അമേരിക്ക ജനങ്ങളിൽ അടിച്ചേൽപ്പിച്ച സാമ്പത്തികനയങ്ങളെ എഴുത്തുകാരി കാണിച്ചു തരുന്നു.

കോവിഡ് മഹാമാരിയിൽ തളർന്നുകിടക്കുന്ന ജനതയ്ക്കു കൂനിന്മേൽ കുരുവെന്നപോലെ നേരിടേണ്ടിവരുന്നത് തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധികളുമാണ്. സാധാരണക്കാരന്റെ ശ്രദ്ധ ജീവൻ നിലനിർത്തുന്നതിലേക്കും ദൈനംദിന പ്രതിബന്ധങ്ങളിലേക്കുമായി ചുരുങ്ങുമ്പോൾ മനുഷ്യാവകാശങ്ങളെ കാറ്റിൽപറത്തിക്കൊണ്ടുള്ള നിയമങ്ങളും നിയമഭേദഗതികളും ഭരണകൂടം നടപ്പിലാക്കുകയാണ്. ദുരന്തനിവാരണത്തിനു ശേഷമുള്ള പുനർനിർമാണത്തിൽ, പൊതുമേഖലയിൽ അവശേഷിക്കുന്ന സമത്വങ്ങൾ കൂടി ഇല്ലാതാക്കിക്കൊണ്ടു കോർപ്പറേറ്റുകൾക്കു അടിത്തറപാകുന്നതാണ് ‘ഡിസാസ്റ്റർ ക്യാപിറ്റലിസം‘. ഇന്ത്യയിൽ ഇന്ന് നടന്നുകൊണ്ടിരിക്കുന്നതും ഇതുതന്നെയാണ്. സാമ്പത്തിക നേട്ടങ്ങളും സഹായധനങ്ങളും ഒരു വിഭാഗത്തിനുവേണ്ടി മാത്രമാകുന്നു. അതിനു ചുക്കാൻ പിടിച്ചു കൊണ്ട് സർക്കാരും കോടതികളും.

കോവിഡ് മഹാമാരിമൂലം തകർന്നുപോയ സാമ്പത്തികമേഖല ഉത്തേജിപ്പിക്കാൻ, വ്യവസായങ്ങളെ കൈപിടിച്ചുയർത്താൻ, നിക്ഷേപങ്ങളെ മാടിവിളിക്കാൻ തൊഴിലാളി നിയമങ്ങളെ ഇല്ലാതാക്കുകമാത്രമാണ് പോംവഴിയെന്നത് ഒരു ജനാധിപത്യ മതേതരത്വ സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് രാഷ്ട്രമാണ് പറഞ്ഞതെന്നോർക്കുക. മുതലാളിത്ത കോർപ്പറേറ്റ് ശക്തികൾ ജനാധിപത്യത്തെ കശാപ്പു ചെയ്യുമ്പോൾ മനുഷ്യാവകാശധ്വംസനങ്ങൾ ആരു കേൾക്കാൻ? കൊറോണയേക്കാളും വലിയൊരു വൈറസ് ലോകത്തെ കീഴ്പ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്ന യാഥാർഥ്യം മനസ്സിലാക്കുന്നതിന് ഇനിയും വൈകുന്നത് ആശാസ്യമല്ല.

Leave a Comment

three + 18 =