Home Opinion പാർലമെൻ്ററി ജനാധിപത്യവും നിയമനിർമാണവും: ഇന്ത്യൻ പാർലമെൻ്റ് നേരിടുന്ന പ്രധാന വെല്ലുവിളികൾ

പാർലമെൻ്ററി ജനാധിപത്യവും നിയമനിർമാണവും: ഇന്ത്യൻ പാർലമെൻ്റ് നേരിടുന്ന പ്രധാന വെല്ലുവിളികൾ

Nirun R.N
459 views

പാർലമെൻ്ററി ജനാധിപത്യരീതി പിന്തുടരുന്ന ഇന്ത്യൻ ഭരണസംവിധാനത്തിൽ കേന്ദ്ര-സംസ്ഥാന നിയമ നിർമ്മാണ സഭകൾക്ക് നിർണായക സ്ഥാനമാണുള്ളത്. നിയമ നിർമ്മാണം എന്ന പ്രാഥമിക കർത്തവ്യത്തിനു പുറമെ, പാർലമെൻ്റിനും സംസ്ഥാന നിയമ നിർമ്മാണ സഭകൾക്കും സർക്കാരിനു അഥവാ എക്സിക്യൂട്ടീവിനു മേലുള്ള നിയന്ത്രണം ഇന്ത്യൻ ജനാധിപത്യത്തിൻ്റെ സവിശേഷതയാണ്. എന്നാൽ മൃഗീയ ഭൂരിപക്ഷമുള്ള സർക്കാരുകൾക്കു മുന്നിൽ നിയമ നിർമ്മാണ സഭകൾ നോക്കുകുത്തികളാക്കപ്പെടുന്ന നിരവധി സന്ദർഭങ്ങൾ ഇന്ത്യയുടെ പാർലമെൻ്ററി പ്രക്രിയയുടെ ചരിത്രത്തിൽ കാണുവാൻ കഴിയും. നിയമ നിർമ്മാണവുമായി ബന്ധപ്പെട്ട് ഓർഡിനൻസുകളുടെ അതിപ്രസരമാണ് പൊതുവെ എക്സിക്യൂട്ടിവ് മേധാവിത്വമായി കണക്കാക്കപ്പെടുന്നതെങ്കിലും മറ്റു ചില പ്രവണതകൾ കൂടി നിയമ നിർമ്മാണ പ്രക്രിയയുടെ സ്വച്ഛഗതിയെ ബാധിക്കുന്നതെങ്ങനെയെന്ന് ഇന്ത്യൻ പാർലമെൻ്റിലെ ചില സമീപകാല സംഭവങ്ങളുടെ പിൻബലത്തിൽ ഒന്ന് പരിശോധിക്കാം.

ഫലപ്രദമായ ചർച്ചകളുടെ അഭാവം

നിയമങ്ങളുടെ കാര്യക്ഷമത അവയുടെ നിർമ്മാണ സമയത്തെ ആലോചനകളും ചർച്ചകളുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. അതിൽ തന്നെ പാർലമെൻ്ററി ചർച്ചകൾക്ക് വളരെയധികം പ്രാധാന്യമുണ്ട്. നിയമ നിർമ്മാണ പ്രക്രിയ പരിശോധിച്ചാൽ, ലോക് സഭയിലോ രാജ്യസഭയിലോ അവതരിപ്പിക്കുന്ന ബില്ലുകൾ അവിടെ ചർച്ചകൾക്കു ശേഷം പാസാക്കി ഇതര സഭയുടെ പരിഗണനയ്ക്കായി അയക്കുന്നു. സഭാ ചർച്ചകൾക്കിടയിൽ ഉയർന്നു വരുന്ന ഭേദഗതികൾ ചർച്ചകൾക്കുശേഷം വോട്ടിനിടുന്നു. വിശദമായ പരിശോധന വേണ്ടി വരുന്ന തരത്തിൽ പ്രാധാന്യമർഹിക്കുന്നതും വിമർശന വിധേയമാകുന്നതുമായ ബില്ലുകൾ ബന്ധപ്പെട്ട പാർലമെൻ്ററി സമിതികളുടെ പരിഗണനയ്ക്കായി അയക്കുന്നു. ഇരുസഭകളും പാസാക്കി കഴിഞ്ഞാൽ രാഷ്ട്രപതിയുടെ അനുമതിക്കായി ബില്ല് അയക്കുന്നു. പാർലമെൻ്റിൻ്റെ ഇരുസഭകളിലും നടക്കുന്ന ഗുണകരമായ ചർച്ച നിയമത്തിൻ്റെ വിവിധ വശങ്ങൾ ഫലപ്രദമായി വിലയിരുത്തുന്നു. കൂടുതലും രാഷ്ട്രീയ ചർച്ചകളാണ് കണ്ടുവരുന്നതെങ്കിലും ലോക് സഭയിലും രാജ്യസഭയിലും നിയമങ്ങളുടെ സാംഗത്യം മികച്ച രീതിയിൽ വിലയിരുത്തുവാൻ കഴിവുള്ള വിദഗ്ധരായ പാർലമെൻ്റേറിയന്മാർ എല്ലാ കാലഘട്ടത്തിലും ഉണ്ടായിട്ടുണ്ട്. എന്നാൽ പ്രാധാന്യമർഹിക്കുന്ന എല്ലാ നിയമങ്ങളും അത്തരം ചർച്ചകൾക്ക് വിധേയമാകുന്നുണ്ടോ എന്നതാണ് കാതലായ വിഷയം.

സമീപകാലത്തെ പ്രധാനപ്പെട്ട പല വിഷയങ്ങളിലും കാര്യമായ ചർച്ചകളൊന്നും കൂടാതെ കേവല ഭൂരിപക്ഷത്തിൻ്റെ അടിസ്ഥാനത്തിൽ നിയമങ്ങൾ പാസാക്കുന്ന പ്രവണതയുണ്ട്. ജമ്മു & കാശ്മീർ പുന:സംഘടനാ ബില്ലുൾപ്പെടെ അതിപ്രധാനവും ഗൗരവമേറിയ  ചർച്ചകൾക്കും വിലയിരുത്തലുകൾക്കും വിധേയമാക്കേണ്ടതുമായ നിയമങ്ങൾ ചുരുങ്ങിയ സമയത്തിൻ്റെ  ദൈർഘ്യത്തിൽ എം.പി.മാർക്ക് ലഭ്യമാക്കുകയും ‘അവതരിപ്പിച്ച്’ ‘ചർച്ച ചെയ്ത് ‘ പാസാക്കുകയും ചെയ്തെങ്കിൽ[1] രാജ്യത്തെ നിലവിലുള്ള തൊഴിൽ നിയമങ്ങളെല്ലാം പൊളിച്ചെഴുതിക്കൊണ്ട്  അവതരിപ്പിച്ച മൂന്ന് ലേബർ കോഡുകൾ പ്രതിപക്ഷത്തിൻ്റെ അഭാവത്തിലാണ്  പാസാക്കിയത്[2]. ഇത്തരം പ്രവണതകൾ പാർലമെൻ്ററി ജനാധിപത്യത്തിന്  അഭിലക്ഷണീയമല്ല. 

പരമാവധി നിയമങ്ങൾ പാസാക്കുന്നതിലുള്ള സർക്കാരിൻ്റെ രാഷ്ട്രീയ  വിജയങ്ങൾക്കപ്പുറത്ത് രാജ്യത്തെ നിയമ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസ്യത കാത്തു സൂക്ഷിക്കുന്നതിലും, ദുരുപയോഗം സാധ്യമല്ലാത്ത തരത്തിൽ നിയമ നിർമാണം നടത്തുവാനും, ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുവാനുമാണ് ശ്രദ്ധിക്കേണ്ടത്. ഉദാഹരണത്തിന്, വ്യാപാര- ഭരണ രംഗത്ത് വിവരസാങ്കേതിക വിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനുമായി 2000 ൽ നിലവിൽ വന്ന വിവര സാങ്കേതിക നിയമത്തിൽ സൈബർ കുറ്റകൃത്യങ്ങൾ വ്യാഖ്യാനിക്കുവാനും ശിക്ഷ നൽകുവാനുമുൾപ്പെടുന്ന 2008 ലെ നിർണായക ഭേദഗതികൾ പാർലമെൻ്റിൽ അവതരിപ്പിക്കുന്നത് മുംബൈ ഭീകരാക്രമണത്തിനു തൊട്ടുപിന്നാലെയായിരുന്നു[3]. മിനുട്ടുകളുടെ മാത്രം ചർച്ചയാണ് ഗൗരവമേറിയ  ഈ വിഷയത്തിൽ ഉണ്ടായത്. പിന്നീട് ഏറെ വിവാദമായതും, ഒട്ടേറെ ദുരുപയോഗം ചെയ്യപ്പെട്ടതുമായ 66A വകുപ്പ് ഈ ഭേദഗതിയുടെ ഫലമായി നിലവിൽ വന്നതാണ്. 66A വകുപ്പ് സൈബർ മേഖലയിലെ കരിനിയമമായതിനും അത് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതിനും തുടർന്ന് 2015 ൽ ഈ വകുപ്പ് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ റദ്ദാക്കപ്പെടുന്നതിനും കാരണം 66A വകുപ്പിൽ കുറ്റം വ്യാഖ്യാനിക്കുവാൻ ഉപയോഗിച്ച പദങ്ങൾ നിർവചിക്കപ്പെടാതിരുന്നതും സംസാര സ്വാതന്ത്ര്യത്തിനു ഭരണഘടനാ അനുഛേദം 19(2) അനുവദിക്കുന്ന നിയന്ത്രണങ്ങൾക്കതീതമായി 66A മാറിയതുമാണ്[4]. മറ്റൊരുദാഹരണം, ബലാത്സംഗ കേസുകളിലെ പ്രതികൾക്ക് വധശിക്ഷ  വരെ നൽകാവുന്ന തരത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിൽ വരുത്തിയ ഭേദഗതിയാണ്. വേണ്ടത്ര ആലോചന കൂടാതെ പൊതുവികാരത്തിന് അടിപ്പെട്ട് ധൃതിയിൽ സൃഷ്ടിച്ച ഭേദഗതിയുടെ അനന്തരഫലം ബലാത്സംഗം ചെയ്യപ്പെട്ടവരുടെ മരണംകൂടി ഉറപ്പാക്കി പ്രതികൾ തെളിവു നശിപ്പിക്കുന്ന അവസ്ഥയാണ്. രാജ്യത്തെ അടിസ്ഥാന നിയമമായ ഭരണഘടനയ്ക്കും അതിൻ്റെ മൂല്യങ്ങൾക്കും അനുസൃതമായാണ് പാസാക്കപ്പെടുന്ന ഓരോ നിയമവും നിലകൊള്ളുന്നതെന്നും അത് സമീപഭാവിയിലോ ദൂരവ്യാപകമായോ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാത്തതാണെന്നും ഉറപ്പുവരുത്തേണ്ടതും ബില്ലുകൾ ഇഴകീറി പരിശോധിക്കേണ്ടതിൻ്റെ ആവശ്യകത തീരുമാനിക്കേണ്ടതും പാർലമെൻ്ററി ചർച്ചകളിലൂടെയാണ്.

പാർലമെൻ്ററി സമിതികൾ നിർജീവമാകുന്നു

കാര്യക്ഷമമായ നിയമ നിർമ്മാണത്തിൽ നിർണായകമാണ് പാർലമെൻ്ററി സമിതികളുടെ പ്രവർത്തനം. ബില്ലുകളുടെ ഇഴകീറിയുള്ള പരിശോധനയ്ക്കും അവയുടെ സാങ്കേതികത്വങ്ങളിലേക്കു ശ്രദ്ധയാകർഷിക്കുന്നതിനും സഭാ നടപടിക്രമങ്ങളിലെ ചർച്ചകൾക്ക് പരിമിതികളുണ്ട്. ഇവിടെയാണ് ചുരുക്കം സാമാജികർ ഉൾകൊണ്ട വിവിധ പാർലമെൻ്ററി സമിതികളുടെ പ്രാധാന്യം. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട സ്റ്റാൻഡിങ്ങ് കമ്മിറ്റികളും താൽകാലിക ആവശ്യങ്ങൾക്കായി രൂപീകരിക്കുന്ന അഡ്ഹോക് കമ്മിറ്റികളും ഉൾപ്പെടുന്ന പാർലമെൻ്ററി സമിതികൾ നിയമങ്ങളുടെ സൂക്ഷ്മ പരിശോധനയും എക്സിക്യൂട്ടീവ് പ്രവർത്തനങ്ങളുടെ മേൽനോട്ടവും ഉൾപ്പെടെ നിർവഹിക്കുന്നു. ഭരണഘടനാപരമായി പാർലമെൻ്ററി സമിതികളുടെ പരിഗണനയ്ക്ക് ബില്ലുകൾ അയക്കണമെന്നില്ലെങ്കിലും ഭരണ പ്രതിപക്ഷ അംഗങ്ങൾ ഉൾപ്പെട്ട വിവിധ സമിതികൾ മുമ്പാകെ പ്രധാനപ്പെട്ട ബില്ലുകൾ അയക്കുന്നത് ജനാധിപത്യത്തിൻ്റെ നല്ല പ്രവണതയായി തുടർന്നു വരുന്നു. സമിതികൾ പരിഗണയ്ക്കു വരുന്ന ബില്ലുകൾ വിശദമായി പരിശോധിക്കുകയും ബന്ധപ്പെട്ട മേഖലയിലെ വിദഗ്ധരുടെ അഭിപ്രായങ്ങൾ കൂടി കണക്കിലെടുത്ത് സഭ മുമ്പാകെ റിപ്പോർട്ട് സമർപ്പിക്കുകയും ഭേദഗതികൾ നിർദ്ദേശിക്കുകയും ചെയ്യുന്നു.

എന്നാൽ പാർലമെൻ്ററി സമിതികൾ മുമ്പാകെ പരിഗണനയ്ക്ക് വിടുന്ന ബില്ലുകളുടെ  എണ്ണത്തിൽ കാണപ്പെടുന്ന ഗണ്യമായ കുറവ് ആശങ്കയുണ്ടാക്കുന്നതാണ്. പതിനഞ്ചാം ലോക് സഭാ കാലയളവിൽ (2009-14) അവതരിപ്പിക്കപ്പെട്ടതിൽ 71 % ബില്ലുകളും പാർലമെൻ്ററി സമിതികളുടെ പരിഗണനയ്ക്ക് അയച്ചിരുന്നെങ്കിൽ പതിനാറാം ലോക് സഭാ കാലായളവിൽ (2014-19) ഇത് 25% മായി ചുരുങ്ങി. പതിനേഴാം ലോക് സഭയുടെ ഇതുവരെയുള്ള കാലയളവിൽ ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം 10% ബില്ലുകൾ മാത്രമാണ് പാർലമെൻ്ററി സമിതികളുടെ പരിഗണനയ്ക്കായി അയച്ചിട്ടുള്ളത്[5]. ഈ കാലയളവിൽ പാസാക്കപ്പെടുന്ന നിയമങ്ങളുടെ എണ്ണത്തിൽ  വർധനയുണ്ടായതും ഓർക്കേണ്ടതാണ്. പ്രൊഫസർ യോഗേഷ് പ്രതാപ് സിങ്ങിൻ്റെ വാക്കുകളിൽ,

“കമ്മിറ്റികളിലേക്ക് ബില്ലുകൾ റഫർ ചെയ്യാതിരിക്കുന്നത് സർക്കാർ അവതരിപ്പിക്കുന്ന ബില്ലുകൾ മികച്ചതാണെന്നോ അല്ലെങ്കിൽ അവയ്ക്ക് ഒരു കമ്മിറ്റിയുടെ കൂടിച്ചേർക്കലുകൾ ആവശ്യമില്ലാത്ത തരത്തിൽ അടിയന്തിര പ്രാധാന്യമുള്ളതാണെന്നോ ഉള്ള സന്ദേശമാണ് നൽകുന്നത്. പക്ഷെ, പാർലമെൻ്റിൻ്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കേണ്ടുന്ന എക്സിക്യൂട്ടീവ്, പാർലമെൻ്ററി ഭരണ സംവിധാനത്തിനു മേൽ അമിതാധികാര പ്രയോഗം നടത്തുക എന്ന ദുഷ്പ്രവണതയെ ശരിവയ്ക്കുന്നതാണിത്.”[6]

പാർലമെൻ്ററി സമിതികളുടെ പ്രവർത്തന രീതികളിലും അംഗങ്ങളുടെ കൂടുതൽ കാര്യക്ഷമമായ ഇടപെടലുകളിലും കാലോചിതമായ മാറ്റം അനിവാര്യമാണെന്നതും ഇതോടൊപ്പം ഓർത്തിരിക്കേണ്ട വസ്തുതകളാണ്.

ബില്ലുകൾ ധനബില്ലുകളാകുമ്പോൾ

ലോക്സഭയിൽ ഭൂരിപക്ഷമുള്ള  സർക്കാരിന് രാജ്യസഭയിൽ വ്യക്തമായ മേധാവിത്വമില്ലെങ്കിൽ പലപ്പോഴും സർക്കാരിൻ്റെ താത്പര്യങ്ങൾക്ക് അനുകൂലമാകില്ല സഭാ നടപടികൾ. നിയമ നിർമാണത്തിലും രാജ്യസഭ വോട്ടിനിട്ട് അംഗീകരിക്കുന്ന ഭേദഗതികളെ ലോക് സഭ പരിഗണിക്കേണ്ടതായി വരും. രാജ്യസഭയുടെ പ്രാധാന്യങ്ങളിലൊന്നു തന്നെ സർക്കാരിൻ്റെ ഭൂരിപക്ഷ തീരുമാനത്തിനു വിധേയമായി നിയമ നിർമാണം നടത്താതെ ഗുണമേന്മയുള്ള ചർച്ചകൾക്കു വേദിയാകുക എന്നതാണ്. ലോക് സഭ പാസാക്കുന്ന ബില്ലുകളുടെ ഒരു ‘ചെക്ക് & ബാലൻസി’നു രാജ്യസഭ സാക്ഷിയാകുന്നു. എന്നാൽ ധനബില്ലുകളുടെ (മണി ബിൽ) കാര്യത്തിൽ ഉപരിസഭയായ രാജ്യസഭയ്ക്ക് കാര്യമായ പങ്കുവഹിക്കാനില്ല. സാധാരണ ബില്ലുകളും ഫിനാൻസ് ബില്ലുകളും രാജ്യസഭ കൂടി പാസാക്കിയാൽ മാത്രമേ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയക്കാനാകൂ. അത്തരം ബില്ലുകളിൽ രാജ്യസഭ നിർദ്ദേശിക്കുന്ന ഭേദഗതികൾ ലോക് സഭ പരിഗണിക്കേണ്ടി വരുമ്പോൾ, ധനബില്ലുകളിൽ സ്ഥിതി വ്യത്യസ്തമാണ്. ധനബിൽ പാസാക്കുന്നതിന് രാജ്യസഭയുടെ അംഗീകാരം നിർബന്ധമില്ല. ലോക് സഭ പാസാക്കിയ ധനബില്ലിന്മേൽ രാജ്യസഭ ഭേദഗതികൾ ആവശ്യപ്പെട്ടാലും അവ പരിഗണിക്കാൻ ലോക്സഭ ബാധ്യസ്ഥമല്ല.[7].  ധനബില്ലുകൾക്കുള്ള ഈ സവിശേഷത പലപ്പോഴായി നിർണായക ബില്ലുകളെ ധനബില്ലിൻ്റെ പുറംചട്ടയിൽ ലോക്സഭയിൽ അവതരിപ്പിക്കുവാൻ സർക്കാരുകളെ പ്രേരിപ്പിക്കുന്നു.

ഭരണഘടനാ അനുഛേദം 110 പ്രകാരം ധനബില്ലിൽ എന്തൊക്കെ തരത്തിലുള്ള വിഷയങ്ങൾ മാത്രമേ ഉൾപ്പെടുത്തുവാൻ പാടുള്ളൂ എന്നു പറയുമ്പോഴും 2016 ലെ ആധാർ നിയമവും 2017 ലെ ഫിനാൻസ് നിയമവും ഇത്തരം നിയന്ത്രണങ്ങൾക്കതീതമായാണ് അവതരിപ്പിക്കപ്പെട്ടത്. ആധാർ നിയമത്തെ ധനബില്ലായി അവതരിപ്പിച്ചതിലെ നിയമസാധുത സുപ്രീംകോടതി ശരിവച്ചെങ്കിലും[8]  അനുഛേദം 110 ൻ്റെ അന്തസത്ത ഭൂരിപക്ഷ വിധിയിൽ ഉൾകൊള്ളാനായോ എന്നത് പരിശോധിക്കപ്പെടേണ്ടതാണ്. ജസ്റ്റിസ് ചന്ദ്രചൂഡിൻ്റെ വിയോജന വിധിയിൽ ഇക്കാര്യം സ്പഷ്ടമായിരുന്നുതാനും. 2017 ലെ ഫിനാൻസ് നിയമമാകട്ടെ സാധാരണ ഫിനാൻസ് ബില്ലുകളിൽ ഉൾപ്പെടുത്തുന്ന വിഷയങ്ങൾക്കു പുറമെ വിവിധ ട്രൈബ്യൂണലുകളുടെ ഏകീകരണം, രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകുവാൻ കഴിയുന്ന ഇലക്ടറൽ ബോണ്ടുകളുടെ അവതരണം എന്നീ ധനബില്ലുമായി യാതൊരു ബന്ധവുമില്ലാത്ത വിഷയങ്ങളെപ്പോലും ഉൾപ്പെടുത്തുന്നതായിരുന്നു.[9]  ഈ സന്ദർഭങ്ങളിലെല്ലാം കേന്ദ്ര സർക്കാരിന് ഭൂരിപക്ഷമില്ലാതിരുന്ന രാജ്യസഭകൾക്ക് കാര്യമായൊന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല എന്ന വസ്തുത കാണേണ്ടതാണ്. ധനബില്ലുകൾക്കുള്ള സവിശേഷതയെ പഴുതായി ഉപയോഗിച്ച് ചില പ്രത്യേക നിയമങ്ങളുടെ നിർമാണത്തിന് ദുരുപയോഗപ്പെടുത്തുന്നു എന്നതിൻ്റെ ഉദാഹരണങ്ങളാണിവ.

ജനാധിപത്യപരമായ നിയമനിർമ്മാണത്തിലേക്ക്

സമീപകാലത്ത് ഇന്ത്യൻ പാർലമെൻ്റിൻ്റെ നിയമനിർമ്മാണ പ്രക്രിയയിൽ പലപ്പോഴും പാർലമെൻ്റിനെ ദുർബലപ്പെടുത്തുന്ന പ്രവണത കൂടിവരുന്നതായി കാണുവാൻ കഴിയും. ഓർഡിനൻസുകളുടെ അതിപ്രസരം പോലെ തന്നെ പാർലമെൻ്ററി ജനാധിപത്യത്തിന് ഭൂഷണമല്ലാത്ത രീതിയാണിതും. നിയമ നിർമ്മാണത്തിൻ്റെ വിവിധ ഘട്ടങ്ങൾ ജനാധിപത്യപരമാവുകയും വിവിധ ജനവിഭാഗങ്ങളെ പ്രതിനിധാനം ചെയ്യുന്ന നിയമ നിർമാണ സഭകൾ കാര്യക്ഷമമായ ചർച്ചകളുടെ വേദിയാവുകയും ചെയ്യുമ്പോൾ മാത്രമേ ജനാധിപത്യപരമായ നിയമനിർമാണം സാധ്യമാവുകയുള്ളൂ. പൊതുവികാരങ്ങൾക്ക് അടിപ്പെട്ടോ ധൃതിയിലോ പാസാക്കുന്ന നിയമങ്ങളുടെ എണ്ണമല്ല, മറിച്ച് നിയമങ്ങളുടെ കാര്യക്ഷമതയും അവ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാഹചര്യങ്ങളുടെ അഭാവവുമാണ് പാർലമെൻ്ററി ജനാധിപത്യത്തിൻ്റെ വിജയം.

 

[1] “Jammu & Kashmir Reorganisation Bill 2019: A rush job raising concerns of democratic propriety”, INDIA TODAY (Aug 6, 2019).

[2] “Parliament passes labour Bills amid boycott”, THE HINDU (Sep 22,2020)

[3] Amended IT Act to prevent cyber crimes comes into effect”, THE HINDU (Oct 27, 2009).

[4] Shreya Singhal v. Union of India, AIR 2015 SC 1523

[5] Sana Ali & Ambar Sharma, In Modi era, the role of parliamentary standing committees is getting diminished” SCROLL.IN (Sep 16, 2020).

[6] Dr. Yogesh Pratap Singh, “ Dominant Executive And Compliant Legislature”, LIVE LAW.IN (Sep 28, 2020)

[7] Constitution of India, Article 109.

[8] K.S. Puttaswamy v. Union of India, (2019) 1 SCC 1.

[9] Nirun R.N. & Anu Stephen, “Majoritarian Lok Sabha and Toothless Rajya Sabha: Legal Analysis of the Money Bill Controversies in India” in STATE, CIVIL SOCIETY AND HUMAN RIGHTS (pages 120-126)

Related Articles

Leave a Comment

sixteen + two =