കോവിഡ്-19-ന്‍റെ വ്യാപനം ആഗോള സാമ്പത്തികരംഗത്തിനും വിനോദസഞ്ചാരം പോലുള്ള സേവനമേഖലകൾക്കും വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയത്. എന്നിരുന്നാലും മാനവരാശി അതിന്‍റെ വളർച്ചയിലും വികാസത്തിലും നേരിട്ട അനേകം പ്രതിസന്ധികളിലൊന്ന് മാത്രമായി കൊറോണ വൈറസ് മാറും എന്നുള്ള കാര്യത്തിൽ തർക്കമില്ല. കൊറോണയ്ക്ക് ശേഷം ലോകസമ്പദ്ഘടനയുടെ തിരിച്ചുവരവിൽ വിനോദസഞ്ചാര മേഖലയ്ക്ക് ശക്തമായ പങ്കുവഹിക്കാനാകും. ആഗോളീകരണവും വിവരസാങ്കേതികവിദ്യയുടെ കുതിച്ചുചാട്ടവും ഏതൊരു മേഖലയിലുമെന്നപോലെ വിനോദസഞ്ചാരമേഖലയിലും വലിയ കുതിച്ചുചാട്ടമുണ്ടാക്കിയതായി നമുക്ക് കാണാം. കഴിഞ്ഞ രണ്ടു വർഷം അടുപ്പിച്ച് വന്ന പ്രളയത്തിൽ നിന്നും രക്ഷ നേടുന്നതിനു വേണ്ടി പലവിധ നയങ്ങൾ രൂപികരിക്കുന്നതിനിടയിലാണ് കോവിഡ് മഹാമാരി കേരളത്തെ പിടിച്ചുലച്ചത്. സംസ്ഥാനത്തിന്‍റെ സാമ്പത്തികരംഗം ഒട്ടാകെ തന്നെ തകിടം മറിയുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ടൂറിസം പോലുള്ള മേഖലയിൽ കൂടി ഉള്ള ഒരു മുന്നേറ്റത്തിൽ കൂടി മാത്രമേ നമ്മുടെ നാടിന് ഈ പ്രത്യേക സാഹചര്യത്തിൽ സാമ്പത്തിക ഉന്നമനവും വികസനവും നേടിയെടുക്കുവാ൯ സാധിക്കുകയുള്ളു.
ടൂറിസം കേരളത്തിൽ: ഒരു തിരിഞ്ഞുനോട്ടം
കേരളം എന്നാല്‍ കോവളം എന്ന് വിദേശിസഞ്ചാരികൾ ധരിച്ചുവച്ചിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. കോവളത്തിന്‍റെ തീരഭംഗി ആസ്വദിക്കാനാണ് എഴുപതുകളില്‍ കേരളത്തിലേക്ക് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് സഞ്ചാരികൾ എത്തിയത്. വിനോദസഞ്ചാരമെന്ന ലക്ഷ്യവുമായി മാത്രം വരുന്നവര്‍ ആയിരുന്നില്ല അത്. എഴുപതുകളോടെ കോവളം വിദേശ സഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രമായി. കേരള ടൂറിസത്തിന് ഔപചാരികമായ തുടക്കം കുറിച്ചത് 1976-ൽ കോവളത്തെ ടൂറിസം കേന്ദ്രമായി കേന്ദ്ര സര്‍ക്കാ൪ അംഗീകരിച്ചതോടെയാണ് എന്ന് നിരീക്ഷിക്കപ്പെടുന്നുണ്ട്. പിന്നീട് ഒരു ദശകമെങ്കിലും കഴിയേണ്ടിവന്നു കേരളത്തിന്‍റെ ടൂറിസം വികസന സാധ്യത നമ്മുടെ വികസനനയസൃഷ്ടാക്കള്‍ക്ക് ബോധ്യപ്പെടാൻ. 1986-ൽ ടൂറിസത്തെ ഒരു വ്യവസായമായി പ്രഖ്യാപിച്ചു. ഇതിനായി ഒരു പ്രത്യേകവകുപ്പുണ്ടാക്കാന്‍ വീണ്ടും ഒരു പതിറ്റാണ്ട് കാത്തു നില്‍ക്കേണ്ടിവന്നു. എന്നാല്‍ പ്രത്യേകമായ വകുപ്പ് രൂപപ്പെട്ടതോടെ ഈമേഖലയില്‍ വേണ്ടുന്ന ഒരു ദിശാബോധം സൃഷ്ടിക്കപ്പെട്ടു എന്ന് നിസ്സംശയം പറയാം. മറ്റ് പലമേഖലകളില്‍ നിന്നും വ്യത്യസ്തമായി കാര്യക്ഷമവും അനുയോജ്യവുമായ ഒരു വികസന പദ്ധതി ടൂറിസം മേഖലയില്‍ രൂപപ്പെടുത്താൻ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്.
1997-നും 2011-നും ഇടയിൽ കേരളത്തിലെത്തിയ ടൂറിസ്റ്റുകളുടെ എണ്ണം 51 ലക്ഷത്തില്‍ നിന്ന് 101.14 ലക്ഷമായി വര്‍ദ്ധിച്ചു. ശരാശരി ഏതാണ്ട് 10 ശതമാനം നിരക്കില്‍ ടൂറിസം വളര്‍ന്നു. ആഭ്യന്തര ടൂറിസ്റ്റുകളില്‍ ഗണ്യമായ ഭാഗം ശബരിമല തീര്‍ത്ഥാടകരാണ്. വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിലാണ് കൂടുതല്‍ ശ്രദ്ധേയമായ വര്‍ദ്ധന ഉണ്ടായിട്ടുള്ളത്. ടൂറിസത്തിന്‍റെ പ്രാധാന്യം വരുംദശകങ്ങളിലും വര്‍ധിച്ചുകൊണ്ടേയിരിക്കും എന്ന് തീര്‍ച്ചയാണ്. ആധുനിക മനുഷ്യന്‍റെ ഏറ്റവും പ്രിയപ്പെട്ട ഒഴിവുകാല വിനോദമായി വിനോദസഞ്ചാരം മാറിക്കഴിഞ്ഞു. ഈ സാധ്യതയെ എത്രത്തോളം സംസ്ഥാനത്തിന് ഉപകാരപ്പെടുത്താന്‍ കഴിയുന്നു എന്നതാണ് പ്രധാനം. അയല്‍ സംസ്ഥാനങ്ങളും ശ്രീലങ്ക, മാലിദ്വീപ് ഉള്‍പ്പെടുന്ന അയല്‍രാജ്യങ്ങളും ഈ രംഗത്ത് കേരളത്തിന് വലിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.
കേരളത്തിന്‍റെ സാധ്യതകൾ
ജൈവവൈവിധ്യവും പ്രകൃതിസൗന്ദര്യവും പുരോഗമനപരമായ സാമൂഹിക അന്തരീക്ഷവുമാണ് ടൂറിസം മേഖലയില്‍ കേരളത്തിന്‍റെ ഏറ്റവും പ്രധാന സാധ്യത. കേരളത്തിലെ ക്രമസമാധാന നിലയും സുരക്ഷിതത്വവും സഞ്ചാരികളെ ആകര്‍ഷിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. 2002-ല്‍ അമേരിക്കയിൽ ലോകവ്യാപാര കേന്ദ്രത്തിനെതിരായ ഭീകരാക്രമണത്തിനുശേഷം ഇന്ത്യയിലേയ്ക്കുള്ള വിനോദസഞ്ചാരികളുടെ വരവ് ഗണ്യമായി കുറഞ്ഞപ്പോഴും അത് കേരളത്തെ ബാധിച്ചില്ല.
കേരളത്തിന്‍റെ പടിഞ്ഞാറ് പരമാവധി വീതി 75 കിലോമീറ്റർ മാത്രമാണ്. ഹൈറേഞ്ചിലെ നിത്യഹരിത വനങ്ങളില്‍ നിന്നും മലയോരങ്ങളിലൂടെ വേമ്പനാട്ട് കായല്‍ വഴി തീരദേശത്ത് എത്തുന്നതിന് ഏതാനം മണിക്കൂർ യാത്ര മതി. ഓരോരുത്തര്‍ക്കും അവരവരുടെ താൽപര്യമനുസരിച്ച് വൈവിധ്യമാര്‍ന്ന അനുഭവങ്ങൾ തെരഞ്ഞെടുക്കാനുള്ള സാധ്യത ഏറെയാണ്. പശ്ചിമഘട്ട മേഖലയും റംസാര്‍ പട്ടികയിലുള്ള വേമ്പനാട്ട് കായലും കോള്‍നിലങ്ങളും നാട്ടിന്‍ പുറങ്ങളുടെ ജീവവായുവായ വയലേലകളും കുന്നിൻ ചരിവുകളും നീര്‍ത്തടങ്ങളും നിത്യഹരിത വനങ്ങളും ഇക്കോ ടൂറിസം മേഖലയില്‍ കേരളത്തിന് വലിയ സാധ്യത തുറന്നിട്ടുണ്ട്. ട്രക്കിങ്ങും മലകയറ്റവും മരംകയറ്റവുമെല്ലാം ഉള്‍പ്പെടുത്തുമ്പോൾ ഇക്കോ ടൂറിസം സാഹസിക ടൂറിസത്തിനും വഴിയൊരുക്കുന്നു.
കേരളത്തിന്‍റെ വൈദ്യപാരമ്പര്യവും ടൂറിസത്തിന്‍റെ മറ്റൊരു ആകര്‍ഷണമാണ്. ഈ മേഖലയില്‍ തനിമയാര്‍ന്ന സംസ്‌കാരവും പൈതൃകവും നമുക്കുണ്ട്. ഇവയെ ബ്രാന്‍ഡു ചെയ്ത് ലോകവ്യാപകമായി പരിചയപ്പെടുത്തുവാന്‍ കഴിഞ്ഞു എന്നതാണ് കേരള ടൂറിസത്തിന്‍റെ വിജയത്തിനാധാരം. വൈവിധ്യമാര്‍ന്ന ടൂറിസം ഉല്‍പ്പന്നങ്ങൾ വികസിപ്പിച്ചുകൊണ്ടുമാത്രമേ ഈരംഗത്ത് നമുക്ക് ഇനിയും മുന്നേറാനാകു. മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്ത പലതും കേരളത്തിലുണ്ടെങ്കിലും ടൂറിസം സാധ്യതകളെ പൂര്‍ണമായി പ്രയോജനപ്പെടുത്താൻ നമുക്കാകുന്നില്ല എന്നതാണ് വാസ്തവം. വിനോദസഞ്ചാരികള്‍ക്ക് അവരുടെ താല്‍പര്യമനുസരിച്ച് കായലും കടലും മഴനിഴല്‍കാടും പുല്‍മേടും തെരഞ്ഞെടുക്കാന്‍ അവസരമുണ്ട്. ഹൗസ്‌ബോട്ടുകളിൽ കായലിലൂടെയുള്ള സഞ്ചാരമാണ് കേരളത്തിലെത്തുന്ന വിദേശികള്‍ക്ക് ഏറ്റവും പ്രിയം. പരമ്പരാഗത വള്ളങ്ങളെ ഹൗസ് ബോട്ടുകളാക്കി രൂപാന്തരപ്പെടുത്തിയത് കേരളത്തില്‍ ഈ രംഗത്തുള്ള സുപ്രധാനമായ ആധുനികവല്‍ക്കരണ നടപടിയായിരുന്നു. കേരളീയ കായല്‍ ഭക്ഷണവും പാടശേഖരങ്ങളും കനാലുകളും കനാലോര ആവാസകേന്ദ്രങ്ങളും സഞ്ചാരികള്‍ക്ക് നവീന അനുഭവം നല്കുന്നു.
ആയൂര്‍വേദവും കളരിപ്പയറ്റും പാരമ്പര്യകലാരൂപങ്ങളും മറ്റൊരു ആകര്‍ഷണമാണ്. കേരളത്തില്‍ ഏറ്റവും വേഗതയിൽ പച്ചപിടിക്കുന്നത് ആരോഗ്യ ടൂറിസമാണ്. കേരളത്തിലെ പഞ്ചകര്‍മ്മ ചികിത്സാ സമ്പ്രദായം പുനരുജ്ജീവന ചികിത്സാക്രമമായി അംഗീകരിച്ച് തുടര്‍ച്ചയായി കേരളത്തിൽ വരുന്ന ഒട്ടേറെപ്പേരുണ്ട്. ആവര്‍ത്തിച്ചുള്ള കേരള സന്ദര്‍ശനങ്ങള്‍ക്കും ഇത് പ്രേരണ നല്കുന്നു. മഴക്കാലമാണ് ആയൂര്‍വേദ ചികിത്സകള്‍ക്ക് പാരമ്പര്യമായി വിധിച്ചിട്ടുള്ളത്. കാലവര്‍ഷക്കാലം ടൂറിസത്തെ സംബന്ധിച്ചടത്തോളം സീസണ്‍ അല്ല, എന്നാൽ സീസൺ അല്ലാത്ത വേളയിലും സംസ്ഥാനത്തിന് ടൂറിസംവരുമാനം ഉറപ്പുവരുത്താന്‍ ഈ മേഖലയ്ക്ക് കഴിയുന്നു. വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് മികച്ച ചികിത്സാ സൗകര്യം നല്‍കുന്ന ഒട്ടേറെ പാരമ്പര്യചികിത്സാ കേന്ദ്രങ്ങള്‍ നമുക്കുണ്ട്. പാരമ്പര്യ തനിമ നിലനിര്‍ത്തി ആധുനിക സംവിധാനങ്ങളോടെ പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങളുമുണ്ട്. നമ്മുടെ സവിശേഷത കൃഷി രീതികളെ മനസ്സിലാക്കുന്നതിന് ഫാം ടൂറിസം പ്രയോജനപ്പെടുന്നു. സാംസ്‌കാരവും പാരമ്പര്യ തൊഴിലുകളുമായി ബന്ധപ്പെടുത്തി വികസിപ്പിക്കാന്‍ കേരളത്തിന്‍റെ പൈതൃകടൂറിസം പദ്ധതികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ലോകത്തിനു മുന്നില്‍ അഭിമാനപൂര്‍വ്വം കാഴ്ചവയ്ക്കാവുന്ന സാംസ്‌കാരിക തനിമകളും കലാരൂപങ്ങളും ഉത്സവങ്ങളും നമുക്കുണ്ട്. അവയെ വിദേശികള്‍ക്ക് കൂടി ആസ്വദിക്കാന്‍ കഴിയുംവിധം ഫലപ്രദമായി അവതരിപ്പിക്കാനുള്ള പുത്തന്‍ വേദികള്‍ സൃഷ്ടിക്കപ്പെടേണ്ടതുണ്ട്.
കഥകളി, കളരിപ്പയറ്റ്, വള്ളംകളി, പൂരം, ഓണാഘോഷം തുടങ്ങിയ കലാ സാംസ്‌കാരിക പ്രദര്‍ശനങ്ങളെ വിനോദസഞ്ചാരവുമായി കൂടുതല്‍ ഫലപ്രദമായി ബന്ധിപ്പിക്കേണ്ടതുണ്ട്. കേരളത്തിലെ ജീവിതം അനുഭവിച്ചറിയാൻ സഞ്ചാരികള്‍ക്ക് അവസരമൊരുക്കാനാകണം. കേരള ഗ്രാമങ്ങളുടെ ഉള്ളറകളിലേക്ക് യാത്ര ചെയ്യുമ്പോള്‍ ഗ്രാമീണ ജീവിതത്തിന്‍റെ സ്പന്ദനവും, നൈസര്‍ഗിതതയും, കലയും, ആചാരവും, ഭക്ഷണവും എല്ലാം ടൂറിസം ഉത്പന്നങ്ങളായി പരിവര്‍ത്തനം ചെയ്യപ്പെടണം. ടൂറിസത്തിലെ ഇത്തരം നൂതനപ്രവണതകള്‍ ഗ്രാമപ്രദേശങ്ങള്‍ക്കും അവികസിത പ്രദേശങ്ങള്‍ക്കും വലിയ സാധ്യത തുറന്നിടുന്നുണ്ട്.
പുതിയ കാലഘട്ടത്തിന്‍റെ വെല്ലുവിളിയും ആവശ്യവും അനുസരിച്ച് ഇത്തരം വിനോദസഞ്ചാര ഉത്പന്നങ്ങളെ കാലോചിതമായി പരിഷ്‌കരിക്കണം. കേരളത്തിന്‍റെ ഓരോ മുക്കിനും മൂലയ്ക്കും ഓരോ സവിശേഷതകളുണ്ട്. അവയുടെ ടൂറിസം സാധ്യതകള്‍ അനന്തമാണ്. കേരളത്തിന്‍റെ ഇനിയും പുറംലോകമറിയാത്ത നാട്ടുവിശേഷങ്ങളും തനിമകളും പുത്തന്‍ ഉത്പന്നങ്ങളായി കണ്ടെത്താന്‍ പുത്തന്‍ സംരംഭകരുടെ ഭാഗത്തുനിന്ന് ഇടപെടൽ വേണം. ഓരോ ടൂറിസം ഉത്പങ്ങളേയും മൂല്യവര്‍ധിതമാക്കുകയും കാലോചിതമാക്കുകയും വേണം. കേരളത്തിലെ അഭ്യസ്തവിദ്യരുടെ തൊഴില്‍ശേഷിക്ക് അനുയോജ്യമാണ് ആതിഥേയ തൊഴിലുകള്‍. സംസ്ഥാനത്തേക്ക് തിരിച്ചു വന്ന പ്രവാസികള്‍, ഇടത്തരക്കാർ തുടങ്ങിയവരുടെ കഴിവുകളേയും മൂലധനത്തേയും ടൂറിസം സംരംഭകത്വത്തിലേക്ക് ആകര്‍ഷിക്കാനാകണം.
ടൂറിസം രംഗത്ത് കേരളം നേരിടുന്ന വെല്ലുവിളികൾ
ടൂറിസത്തിന്‍റെ പ്രതീകമായി മാറിയ കോവളം ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധി നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. ടൂറിസവുമായി ബന്ധപ്പെട്ട അതിരുവിട്ട ഇടപെടല്‍ എങ്ങനെ പാരിസ്ഥിതിക തകര്‍ച്ചയ്ക്ക് വഴി തെളിക്കാമെന്ന് കോവളവും കുട്ടനാടുമെല്ലാം കാട്ടിത്തരേണ്ടതാണ്. അനിയന്ത്രിതമായ ടൂറിസം വളര്‍ച്ചയാണ് അവിടെ സംഭവിക്കുന്നത്. പരിസ്ഥിതി തകര്‍ച്ചയും, സാംസ്‌കാരികമായ തകര്‍ച്ചയും നേരിടുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. സുസ്ഥിരമായ ടൂറിസം വികസനമല്ല അവിടെ സംഭവിച്ചത്. കേരളത്തിന്‍റെ പല പ്രധാന ടൂറിസം കേന്ദ്രങ്ങളും പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നുണ്ട്. ടൂറിസം വ്യവസായം സൃഷ്ടിക്കുന്ന മലിനീകരണവും, പാരിസ്ഥിതിക അസന്തുലിതാവസ്ഥയും, സംസ്‌കാരത്തിന്‍റെ വാണിജ്യവത്കരണവും, ലൈഗിംക ചൂഷണവും മൂലം ടൂറിസം വികസനം ശക്തമായ സാമൂഹ്യ വിമര്‍ശനം നേരിടുന്നുണ്ട്. ടൂറിസം വ്യവസായത്തിന്‍റെ പ്രധാന്യം അംഗീകരിക്കുന്നതോടൊപ്പം അതിനൊപ്പമുള്ള അപകടങ്ങളെ കുറിച്ചും ധാരണയുണ്ടാകേണ്ടതുണ്ട്.
കുട്ടനാട് കായല്‍പരപ്പിന് താങ്ങാനാവുന്നതിനപ്പുറമാണ് ഇപ്പോൾ അവിടുത്തെ ഹൗസ് ബോട്ടുകളുടെ എണ്ണം. ഇവ സൃഷ്ടിക്കുന്ന മാലിന്യങ്ങള്‍ മുഴുവൻ കായലിലേക്ക് തന്നെയാണ് നിക്ഷേപിക്കപ്പെടുന്നത്. കായല്‍ മലിനീകരണം ഇന്നത്തെ തോതിൽ മുന്നോട്ടുപോവുകയാണെങ്കില്‍ കായല്‍ ടൂറിസത്തിന്‍റെ ആകര്‍ഷണം ഇല്ലാതാകും ടൂറിസവുമായി ബന്ധപ്പെട്ട് വ്യാപകമായ കായല്‍ കയ്യേറ്റങ്ങള്‍ നടക്കുന്നു. തീരദേശ പരിപാലന നിയമത്തിന്‍റെ നഗ്നമായ ലംഘനം കോടതിയുടെ ഇടപെടലിലേക്ക് നയിക്കുകയാണ്. റിസോര്‍ട്ടുകൾ തീരത്തെ കായൽ പ്രദേശം വളച്ചുകെട്ടുന്നതിന്‍റെ ഫലമായി മത്സ്യതൊഴിലാളികളുടെ ഉപജീവനത്തിന് തിരിച്ചടിയാകുന്നു. പാരിസ്ഥിതിക തകര്‍ച്ചയുടെ കോട്ടം മുഴുവൻ പ്രദേശവാസികള്‍ക്കും, നേട്ടം മുഴുവൻ റിസോര്‍ട്ട് ഉടമകള്‍ക്കും എന്ന നിലയിലേക്ക് കാര്യങ്ങള്‍ അധ:പതിക്കുന്നു. കേരള ടൂറിസം മേഖല കായല്‍ ടൂറിസത്തേയും ആയുര്‍വേദത്തേയും അമിതമായി ആശ്രയിക്കുന്നു. ആയൂര്‍വേദ ചികിത്സയും സാംസ്‌കാരിക കലാരൂപങ്ങളും അതിരുകവിഞ്ഞ വാണിജ്യവത്കരണത്തിന്‍റെ ഭാഗമായി അധ:പതിക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടരുത്.
പരിസ്ഥിതി പ്രാധാന്യമുള്ള മേഖലകളിലുള്ള ടൂറിസം കേന്ദ്രങ്ങളില്‍, ജൈവമേഖലയ്ക്ക് താങ്ങാവുന്നതിൽ അപ്പുറം നിര്‍മാണ പ്രവൃത്തനങ്ങൾ പാടില്ല. ഓരോ വിനോദസഞ്ചാര കേന്ദ്രത്തിന്‍റെയും ജൈവ പാരിസ്ഥിതിക അവസ്ഥയെ കുറിച്ച് പഠനം നടത്തുകയും റിസോര്‍ട്ടുകളുടേയും മറ്റും അനധികൃത നിര്‍മാണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയും വേണ്ടത് അനിവാര്യമാണ്.
സാംസ്‌കാരിക പൈതൃകം വാണിജ്യവല്‍ക്കരിക്കപെടുമ്പോൾ നാടിന്‍റെ സാംസ്‌കാരിക വേരുകൾ അറ്റുപോകുന്നു. ടൂറിസവും ലൈംഗിക അരാജകത്വവും തമ്മിലുള്ള ബന്ധത്തിലേക്ക് വിരൽ ചൂണ്ടുന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകൾ പത്രമാധ്യമങ്ങളിലൂടെ പുറത്തുവരാറുണ്ട്. മിക്ക തെക്കു കിഴക്കന്‍ രാജ്യങ്ങളിലെയും ടൂറിസം വികസനം ലൈംഗിക ടൂറിസവുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. അത്തരമൊരു അധ:പതനത്തിലേക്ക് നമ്മുടെ സാംസ്‌കാരിക അന്തരീക്ഷം തരംതാഴുന്നത് ആശാസ്യമല്ല. ടൂറിസം രംഗത്ത് സര്‍ക്കാരിന്‍റെ നിരന്തര നിരീക്ഷണം അനിവാര്യമായി വരുന്നത് ഈ സാഹചര്യങ്ങളിലാണ്. ടൂറിസം രംഗത്ത് മത്സരം വര്‍ധിച്ചുവരുന്നു. ആഭ്യന്തര ടൂറിസത്തില്‍ ഗുജറാത്ത്, മധ്യപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളും വെല്ലുവിളി ഉയര്‍ത്തുന്നു. അന്താരാഷ്ട്രതലത്തില്‍ ശ്രീലങ്ക അടക്കമുള്ള ഏഷ്യന്‍ രാഷ്ട്രങ്ങളും കേരളത്തോട് മത്സരിക്കുന്നു. ആഭ്യന്തര-അന്തര്‍ദേശീയ ഗതാഗതമാര്‍ഗങ്ങളുടെ അപര്യാപ്തത കേരള ടൂറിസം നേരിടുന്ന മറ്റൊരു പ്രധാന പ്രശ്‌നമാണ്.
2018ൽ നിപ്പയും തുടർന്ന്, തുടർച്ചയായ രണ്ടു പ്രളയങ്ങളും പ്രകൃതിക്ഷോഭങ്ങളും തകർത്ത കേരളാ ടൂറിസത്തെ വൻ തകർച്ചയിലേക്കാണ് കൊവിഡ് തള്ളിയത്. എങ്കിലും കേരളത്തിന്‍റെ സമഗ്ര വളർച്ചക്ക് ടൂറിസം രംഗം നൽകുന്ന ഊർജ്ജം വളരെ വലുതാണ്.
ഇത്തവണ ആഭ്യന്തര വിനോദസഞ്ചാരികളെയാണ് കേരളം കൂടുതലായി ലക്ഷ്യമിടുന്നത്. ദീപാവലിക്ക് മുന്നോടിയായി ഉത്തരേന്ത്യയിൽനിന്ന് സഞ്ചാരികൾ എത്തും എന്ന് നാം പ്രതീക്ഷിക്കുന്നു. അടച്ചിടൽ മൂലം കഴിഞ്ഞ മാസങ്ങളിൽ പുറത്തിറങ്ങാൻ കഴിയാതിരുന്നതിന്‍റെ സമ്മർദം കുറയ്ക്കാൻവേണ്ടിക്കൂടി സഞ്ചാരികൾ എത്തുമെന്നാണ് നമ്മുടെ കരുതൽ.
വിദേശ ടൂർ ഓപ്പറേറ്റർമാർ 2021 ആദ്യത്തോടെ യാത്രകൾ ആസൂത്രണം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. 15 ലക്ഷം പേർക്ക് നേരിട്ടും അതിലേറെ പേർക്ക് പരോക്ഷമായും തൊഴിൽ നൽകുന്ന മേഖലയാണ് കേരള ടൂറിസം. ആയതിനാൽ തന്നെ അനവധി പ്രതിസന്ധികളിൽ കൂടിയാണ് നാം കഴിഞ്ഞ ചില വർഷങ്ങളിൽ കടന്ന് പോയതെങ്കിലും ടൂറിസം മേഖലയിൽ കൂടി പ്രതീക്ഷയുടെ പുത്തൻ കാലത്തിലേക്കാണ് നാം മുന്നേറുന്നത്. ആയതിനാൽ ഉത്തരവാദിത്വപൂർണ്ണമായ ടൂറിസം പ്രവർത്തനത്തിലൂടെ വികസനത്തിന്‍റെ പുത്തൻ ട്രാക്കിലേക്ക് മുന്നേറാൻ കേരളാ ടൂറിസത്തിന് സാധിക്കും.